പേടിഎമ്മിനെതിരെയുള്ള നടപടി മറ്റ് ഫിൻടെക് സ്ഥാപനങ്ങൾക്കുള്ള മുന്നറിയിപ്പ്

പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ എടുത്ത നിയന്ത്രണ നടപടികൾ മറ്റ് ഫിൻടെക് സ്ഥാപനങ്ങൾക്കുള്ള മുന്നറിയിപ്പ് ആണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെയുള്ള നടപടി ഒരു സംരംഭകൻ റെഗുലേറ്ററി കംപ്ലയിൻസിൻ്റെ പ്രാധാന്യം മനസ്സിലാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഒരു കമ്പനിക്കും, അതിൻ്റെ വലിപ്പ ചെറുപ്പം പരിഗണിക്കാതെ നിയമം പാലിക്കാത്തതിൻ്റെ അനന്തരഫലങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, ആർബിഐയുടെ പ്രവർത്തനങ്ങൾ ഫിൻടെക് വ്യവസായത്തെ മുഴുവൻ ബാധിച്ചുവെന്ന ധാരണയെ ചന്ദ്രശേഖർ നിഷേധിച്ചു. സോഷ്യൽ മീഡിയയിലായാലും ഫിൻടെക്കിലായാലും ഒരു കമ്പനിക്ക് നിയമം ലംഘിച്ച് പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു.

അതേസമയം ഫാസ്‌ടാഗ് സേവനങ്ങൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെ നീക്കം ചെയ്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 30 അംഗീകൃത ബാങ്കുകളുടെ ഫാസ്ടാഗ് സേവനങ്ങളുടെ ലിസ്റ്റിൽ നിന്നാണ് പേടിഎം പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡിനെ (പിപിബിഎൽ) നീക്കം ചെയ്തത്. മാർച്ച് 15ന് ശേഷം പേടിഎം ഫാസ്ടാഗ് പ്രവർത്തനക്ഷമമാകില്ല.

RELATED STORIES