ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ മൈക്ക് പ്രോക്ടർ അന്തരിച്ചു

ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾ റൗണ്ടർ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടർ (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നുണ്ടായ ശസ്ത്രക്രിയക്കിടെ അസ്വസ്ഥതകളുണ്ടായി. പിന്നാലെ അബോധാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നെന്ന് കുടുംബം അറിയിച്ചു.

മികച്ച ഓൾ റൗണ്ടറായിരുന്ന പ്രോക്ടർ, കരിയറിൽ 21,936 റൺസും 1,417 വിക്കറ്റുകളും നേടിയിട്ടുണ്ട്. 48 സെഞ്ചുറികളും നേടി. 401 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് കളിച്ചത്. 70 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കൻ ടീമിലെ അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു മൈക്ക് പ്രോക്ടർ. 1970കളിൽ വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കിയത് പ്രോക്ടറിന്റെ കരിയറിന് തിരിച്ചടിയായി.

ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റർഷയർ ടീമിനുവേണ്ടി 13 വർഷത്തോളം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി ആറു മത്സരങ്ങളിൽ സെഞ്ചുറി നേടിയിട്ടുണ്ട്. ബൗളിങ്ങിൽ നിരവധി തവണ ഹാട്രിക്കും സ്വന്തമാക്കിയിട്ടുണ്ട്. കളിക്കളം വിട്ടതിനു ശേഷം കോച്ചായും മാച്ച് റഫറിയായും പ്രവർത്തിച്ചു. 2008ൽ സിഡ്‌നിയിൽ റഫറിയായിരിക്കേ, വംശീയത ആരോപിച്ച്് ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിനെ മൂന്ന് മത്സരങ്ങളിൽ വിലക്കിയത് അദ്ദേഹമായിരുന്നു.

RELATED STORIES