തിരുവനന്തപുരം നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ കേസ്

ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി. എം രാധാകൃഷ്ണനെ പ്രതി ചേർത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കന്റോന്‍മെന്റ് പൊലീസ് അറിയിച്ചു.

ഫെബ്രുവരി മൂന്നിന് രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. യുവതി കന്റോന്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൈക്കിന്റെ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എകെജി സെന്ററിനു സമീപത്തെ ഏഴോളം സി സി ടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് പ്രതി രാധാകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തിയത്.

രാധാകൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം. എകെജി സെന്ററിന് സമീപം ആരോ തെറി വിളിക്കുന്നത് കേട്ട് ബൈക്ക് നിര്‍ത്തിയ തന്നെ പിറകില്‍ നിന്ന് ഇരുചക്ര വാഹനത്തില്‍ വന്നു മുന്‍പേ കയറി റോഡിന് നടുവില്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ത്രീ തെറി വിളിക്കുകയായിരുന്നുവെന്ന് എം രാധാകൃഷ്ണന്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു.

കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചെന്ന് വസ്തുതയെല്ലാം പൊലീസ് ഓഫീസര്‍മാരെ ബോധ്യപ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. പരാതിക്കാരിയായ സ്ത്രീക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആലോചിച്ചുവെന്നും എന്നാല്‍ പോലീസ് അത് വേണ്ടെന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. ഈ കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

ഈ സംഭവത്തെ തുടർന്ന് രാധാകൃഷ്ണനെ ജോലി ചെയ്തുവന്നിരുന്ന കേരളകൗമുദി പത്രത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

RELATED STORIES