ഭരണഘടനാ ബഞ്ചിന്റെ വിധി മറ്റ് ബഞ്ചുകള്‍ക്കും ബാധകം : സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭരണഘടനാ ബഞ്ചിന്റെ വിധി കുറഞ്ഞ അംഗബലമുള്ള മറ്റ് ബഞ്ചുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. ഹരിയാനയില്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് 2022 ഏപ്രില്‍ ഏഴിന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചുകൊണ്ടാണ് നിര്‍ണായക നിരീക്ഷണം നടത്തിയത്.

2022 ലെ രണ്ടംഗ ബഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍. 1966 ല്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി വിധി പറഞ്ഞത്. അപ്പീല്‍ പരിഗണിച്ചപ്പോള്‍ 1966ലെ വിധിയെ ഹൈകോടതി ആശ്രയിച്ചത് എന്തുകൊണ്ട് തെറ്റായെന്ന് സുപ്രീംകോടതി ബെഞ്ച് പറയണമായിരുന്നുവെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് ചൂണ്ടിക്കാട്ടി.


ഭരണഘടന ബഞ്ചിന്റെ വിധി മറ്റ് ബെഞ്ചുകള്‍ക്കും ബാധകമാണെന്ന് പറയാന്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ല. അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി രണ്ടംഗ ബഞ്ച് അവഗണിക്കാന്‍ പാടില്ലായിരുന്നു. 2022 ലെ ഉത്തരവ് പിന്‍വലിച്ച സുപ്രീം കോടതി ഹൈകോടതി വിധിക്കെതിരായ അപ്പീല്‍ ഓഗസ്റ്റ് ഏഴിന് പരിഗണിക്കുമെന്നും അറിയിച്ചു.

ഉടമകള്‍ കൈവശംവച്ച പരിധിയിലധികമുള്ള ഭൂമി ഹരിയാന ഭൂ നിയമപ്രകാരം പഞ്ചായത്തുകള്‍ പൊതു ആവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഈ ഭൂമിയില്‍ പൊതു ആവശ്യത്തിന് ഉപയോഗിച്ച ശേഷം മിച്ചം വന്ന ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കുകയോ പഞ്ചായത്ത് വില്‍പന നടത്തുകയോ ചെയ്തു. ഈ നടപടി ശരിവെച്ചുള്ള പഞ്ചാബ്-ഹരിയാന ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി 2022 ല്‍ വിധി പറഞ്ഞത്.

മിച്ചം വന്ന ഭൂമി വില്‍പന നടത്താനോ ആദ്യത്തെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനോ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നായിരുന്നു അന്നത്തെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഏറ്റെടുത്ത ഭൂമിയില്‍ പഞ്ചായത്തുകള്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നും നിയന്ത്രണാധികാരം മാത്രമാണുള്ളതെന്നും പൊതു ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഭൂമി മിച്ചം വന്നാല്‍ അത് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഉടമകളും പഞ്ചായത്തുകളും വില്‍പന നടത്തിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഹരിയാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.


RELATED STORIES