ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES