മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ചില കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ വേണ്ടിയാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ

എല്‍ഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ആദ്യമായി നിയമസഭയില്‍ എത്തിയ അന്‍വര്‍ നിയമസഭയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമങ്ങളെ കണ്ടത്. നിയമസഭയില്‍ ഭരണപക്ഷത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും മാറി നാലാം വരിയിലാണ് ഇരിപ്പിടം.

മുഖ്യമന്ത്രി പാര്‍ട്ടിയെ ബലികഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. പിണറായി ആഭ്യന്തരം ഭരിക്കുന്ന കാലത്തോളം എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ കേസ് വരികില്ല.

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 140 സീറ്റിലും തോല്‍ക്കുന്ന ബിജെപി പക്ഷേ പാലക്കാട് വിജയം നേടും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇതിനകം സെറ്റില്‍മെന്റ് ഉണ്ടാക്കി. എഡിജിപി അജിത് കുമാര്‍ ആണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ബിജെപി വിജയിക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയ പാതയിലും അഴിമതിയാണ് നടക്കുന്നത്. പൊലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പൊലീസ് അന്വേണത്തില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. സ്വര്‍ണ്ണം പൊട്ടിക്കലിൽ എല്ലാ വിവരങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് അന്വേഷിക്കുന്നില്ല.

സ്വര്‍ണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടായിരുന്നു പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവര്‍ണറെ കണ്ടത്. കോടതി ഗവര്‍ണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും.

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കാണാതിരുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

RELATED STORIES