സർക്കാർ മദ്യനയം തിരുത്തണം: പിസിഐ കേരളാ സ്റ്റേറ്റ്
Author: മീഡിയ പിസിഐReporter: News Desk 20-Jan-2025
364
ആലപ്പുഴ: സർക്കാരിന്റെ മദ്യനയം മാറ്റം തിരുത്തണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ആവശ്യപ്പെട്ടു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പാലക്കാട്, എലപ്പുള്ളി പഞ്ചായത്തിൽ വൻകിട മദ്യനിർമ്മാണശാല അനുവദിച്ചത് ഗുരുതരമായ വഞ്ചനയാണെന്ന് പിസിഐ അഭിപ്രായപ്പെട്ടു.
സർക്കാർ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നല്‌കിയ വാഗ്‌ദാനം പാലിക്കണം. മദ്യലോബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒയാസീസ് കമ്പനിക്ക് എഥനോൾ പ്ലാന്റ് സ്ഥാപിക്കാനുള്ള ലൈസൻസ് നല്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം.
ഫാക്ടറി പരിസരത്തെ ഉപരിതല ജലവും ഭൂഗർഭ ജലവും മലിനമാകും. അതോടൊപ്പം അന്തരീക്ഷ മലിനീകരണവും ആഹാര പദാർഥങ്ങളിലുള്ള വിഷസാന്നിധ്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്. ഭൂഗർഭ ജലം ഊറ്റിയെടുക്കുന്നത് മൂലം കുടിവെള്ളം ക്ഷാമം രൂക്ഷമാകും.
കേവലം 29 ബാറുകൾ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ ആയിരത്തിലധികമായിരിക്കുകയാണ്.
മയക്കുമരുന്ന് ഉപയോഗം നാട്ടിൽ വർദ്ധിക്കുന്നു. തന്മൂലം ക്രമസമാധാനം തർന്നിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഡിസംബർ 22 മുതൽ 31 വരെ 712.96 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2023 - 2024 സാമ്പത്തീക വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ 19088.86 കോടി രൂപയാണ് സർക്കാരിന് വരുമാനമായി ലഭിച്ചത്.
മദ്യത്തിൻ്റെ ഉൽപ്പാദനം, വിതരണം, ലഭ്യത ഇവ കുറച്ചുകൊണ്ട് വരണം. നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണവും നടപടിയും ഉണ്ടാകണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്റ്റർന്മാരായ നോബിൾ പി തോമസ്, ജെയ്സ് പാണ്ടനാട്, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.