പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ചികിത്സയിരുന്ന ഒന്‍പത് വയസുകാരന്‍ ചാരുംമൂട് സ്വദേശി ശ്രാവന്ത് ആണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

രണ്ടു മാസം മുന്‍പ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോളാണ് കുട്ടിയെ നായ ആക്രമിച്ചത്. ഭയം കാരണം കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചില്ല. പരിക്ക് ശ്രദ്ധയില്‍ പെടാത്തതിന് തുടര്‍ന്ന് വാക്സിന്‍ എടുത്തിരുന്നില്ല.

രണ്ടാഴ്ച മുന്‍പ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. കടുത്ത പനി ബാധിച്ച കുട്ടിയെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

വീടിന് സമീപത്തു വച്ച് തെരുവുനായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നു. തുടയില്‍ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

രക്ഷിതാക്കളെ ഭയന്ന് കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ മറച്ച് വെയ്ക്കുന്നതിനാല്‍ ഉടന്‍ തന്നെ അവര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED STORIES