മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; ഡോ. സന്തോഷ് പന്തളം
Reporter: News Desk 16-Sep-2025120

എൻ്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമായിരുന്നു പാസ്റ്റർ എം. യേശുദാസ്. ഏറിയ വർഷങ്ങളുടെ ബന്ധം, നല്ല ഇടപെടലുകൾ, ഒരുമിച്ചുള്ള താമസം, യാത്രകൾ, ശുശ്രൂഷയിലെ ഒത്തൊരുമ, അഭിമുഖം തുടങ്ങിയ അനവധി വിഷയങ്ങളിൽ ഞങ്ങൾ വ്യപൃതരായിട്ടുണ്ട്. പ്രായവ്യത്യാസം കൂടാതെ ആരെയും അംഗീകരിക്കുവാനുള്ള നല്ല മനസ് അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. സൗമ്യനായ സുവിശേഷകൻ പുഞ്ചിരിയോടെ മാത്രമേ എല്ലാവരെയും സ്നേഹിച്ചിട്ടുള്ളു. കാഠിന്യമായ വിഷയങ്ങൾ മുന്നിൽ വന്നപ്പോഴും സൗമ്യനായി മൗനം പാലിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തൻ്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് വേദന വരാൻ പാടില്ലാ എന്ന മനസിൻ്റെ ചിന്തകർ പലപ്പോഴും ഗുണം മാത്രമേ സംഭവിച്ചിട്ടുള്ളു. എതിരാളികളെ ഒരിക്കൽ പോലും താൻ വെല്ലുവിളിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തിൻ്റെ മിത്രം മാത്രമായിരുന്നു. കിട്ടുന്ന എല്ലാ സാമ്പത്തിക നന്മകളിലും എഴുതി വച്ച് ദൈവ വേലക്കായി ചെലവിട്ടിട്ടുണ്ട്. തൻ്റെ ശുശ്രൂഷയുടെ ഓരോ കാര്യങ്ങളും രേഖകളായി എഴുതി സൂക്ഷിച്ചിട്ടുള്ളതും എനിക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം യാത്ര പറഞ്ഞത് സുവിശേഷ വേലക്കാർക്ക് തീരാ നഷ്ടമെങ്കിലും സ്വർഗ്ഗത്തിൽ അതി സന്തോഷമായിരിക്കുമെന്ന് ചിന്തിക്കുന്നു. അദ്ദേഹത്തിൻ്റെ ദേഹവിയോഗം അറിഞ്ഞ ഉടനെ ഞങ്ങൾ ദീർഘദൂരം യാത്ര ചെയ്തു അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയി ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടു. എൻ്റെ മനസ്സിൽ ഇപ്രകാരം പറഞ്ഞു....... പോയി കൊള്ളുക ഞങ്ങളും പുറകാലെ യാത്രയാകുന്നു. മുമ്പേ മുമ്പേ പോകുന്നവർ ഭാഗ്യവാന്മാർ, ഇന്ന് ഞാൻ നാളെ നീ എന്ന വാക്കുകൾ ആർക്കും തള്ളി കളയാൻ കഴിയുകയില്ല. ദൈവം അനുവദിക്കുന്ന പക്ഷം ഈ ഓർമ്മക്കുറിപ്പികളെ നിലനിറുത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിത ചരിത്രം വലിയൊരു പുസ്തകമായി പുറത്തിറക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസ്.
തിരുവനന്തപുരം വെള്ളറട കാരമൂട് ബെഥേൽ വീട്ടിൽ പാസ്റ്റർ എം. യേശു ദാസ് നിര്യാതനായി. മുട്ടച്ചൽ ന്യൂ ലൈഫ് ബെഥേൽ ഐപിസി സഭായുടെ സീനിയർ ശുശ്രൂഷകനായിരുന്നു. 2025 സെപ്റ്റമ്പർ 12 രാവിലെ നിത്യതയിൽ 11 മണിക്കാണ് നിര്യാതനായത്. സംസ്കാര ശുശ്രൂഷ 13 ന് മുട്ടച്ചൽ സഭയുടെ നേതൃത്വത്തിൽ പാസ്റ്റർ ഫിലിപ്പ് ജോണിന്റെ അദ്ധ്യക്ഷതയിൽ കെ.സി. തോമസ് നിർവഹിച്ചു. സിസ്റ്റർ സരോജം എം. പൗലോസ് രാമേശ്വരം, പാസ്റ്റർമാരായ എൻ. പീറ്റർ, ഷിബു മാത്യു, കെ.എ. തോമസ്, ജസ്റ്റിൻ കുമാർ തുടങ്ങി നാനാ തുറകളിലുള്ള നിരവധി വ്യക്തികൾ അനുശോചനം അറിയിച്ചു.
ഭാര്യ: ഡെയ്സിലെറ്റ്;
മക്കൾ: പ്രസ്ക്കില്ല, പാസ്റ്റർ ഗോഡ് വിൻ: ഗോഡ് ഷൈനി;
മരുമക്കൾ: പാസ്റ്റർ ആഗസ്റ്റിൻ കാപ്പർ സിംഗ്, ലിനിറ്റ, പാസ്റ്റർ ആൽഫ്രർഡ്.
പാസ്റ്റർ എം. യേശുദാസ് കഴിഞ്ഞ 65 വർഷം കർത്തൃവേല ചെയ്തു. അനേകം സഭകൾ സ്ഥാപികുകയും, സീയോൺ സംഘം സ്ഥാപിത പ്രസിഡന്റ് പാലപ്പൂരു പാസ്റ്റർ പാസ്റ്ററിനൊപ്പം എക്സിക്യുട്ടീവ് അംഗമായി ഏറിയ നാൾ പ്രവർത്തികുകയും ചെയ്തു.
കഴിഞ്ഞ 54 വർഷങ്ങൾക്ക് പുറകിൽ തന്നിലൂടെ ദൈവം വലിയ അത്ഭുതവിടുതലുകൾ ദേശത്ത് വെളിപ്പെടുത്തി. പാമ്പ് കടിയേറ്റ ഓമന എന്ന ഒരു സഹോദരിയെ ചികിൽത്സിച്ചിട്ട് വൈദ്യശാസ്ത്രം പരാജയപ്പെട്ടു മരിക്കാനിടയായി. മരണാനന്തര ശുശ്രുഷയുടെ നടുവിൽ പാസ്റ്റർ എം. യേശുദാസ് മൃത ശരീരത്തിനരികിൽ മുട്ടുകുത്തി ദൈവത്തോടു പ്രാർത്ഥിച്ചു. ഉടനടി ദൈവ പ്രവൃത്തി വെളിപ്പെടുകയും അത്ഭുത സൗഖ്യത്തോടെ അവർ എഴുന്നേൽക്കുകയും ചെയ്ത്. ഇന്നും കർത്താവിന്റെ സാക്ഷിയായി അവർ ജീവിക്കുന്നു.
വെള്ളറടയിലെ പ്രധാന മന്ത്രവാദിയുടെ ഭാര്യക്ക് ഉദരസംബന്ധമായ രോഗത്താൽ വയർ വീർത്തു പൊട്ടുമെന്നുള്ള ഭയപ്പാടിലായപ്പോൾ ദൈവദാസൻ ചെന്നു പ്രാർത്ഥിച്ചു വിടുതൽ ലഭിക്കാനിടയായി. ഇന്നും ആ കുടുംബം ദൈവത്തെ ആരാധിക്കുന്നു. പരേതന്റെ ശുശ്രൂഷയിൽ 250 ലേറെ മിഷണറിമാർ വടക്കേ ഇന്ത്യയുടെ പല ഭാഗത്തായി ശുശ്രൂഷക്കാരായിരിക്കുന്നു. 1500 ൽ പരം വ്യക്തികളെ രക്ഷയിലേക്ക് നയിച്ചിട്ടുണ്ട്. 800 -ൽ ഏറെ വിവാഹ ശുശ്രൂഷകളും ആയിരക്കണക്കിന് ആൾക്കാരെ സ്നാനപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ എം. പൗലോസിൻ്റെ ജ്യേഷ്ഠ സഹോദരനാണു പാസ്റ്റർ യേശുദാസ്.
തൻ്റെ ദൗത്യം മകൻ പാസ്റ്റർ ഗോഡ് വിൻ നേഞ്ചോട് ചേർത്തുപിടിച്ച് കർത്താവിൻ്റെ വേലയിൽ പ്രസിദ്ധനാണ്. അനവധി പ്രതിക്കൂലങ്ങളുടെ നടുവിൽ സഭ കടന്നുപോകേണ്ടി വന്നപ്പോഴും പതറാത്ത മനസ്സും തളരാത്ത ഹൃദയവും ഈ കുടുംബംഗങ്ങൾക്ക് ആശ്വാസമായിരുന്നു. മലയോര അപ്പോസ്തലൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന പാസ്റ്റർ എം. യേശുദാസിന് യാത്രാ മംഗളങ്ങൾ നേരുന്നു. ഓർമ്മക്കുറിപ്പിൻ്റെ താളിൽ ഇനി ഇടം പിടിച്ചുവെങ്കിലും വരും തലമുറക്ക് താനൊരു ചുണ്ടു പലകയാണ്. ഹൃദയത്തിൻ്റെ പലകയിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസത്തിൻ്റെ ധീര പോരാളിക്ക് വിട.