ജിഎസ്ടി ഇളവിൻറെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ
Reporter: News Desk 21-Sep-2025139

ജനകീയമായ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ജി എസ് ടിയുടെ ആനുകൂല്യം എത്തിക്കുന്നത്. ഇതോടെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിൽ കുറവ് സംഭവിക്കും.
തിങ്കളാഴ്ച മുതൽ പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതോടെ വിലക്കുറവിൻറെ നേട്ടം ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.
മിൽമയുടെ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറവ് സംഭവിക്കും. നിലവിലെ 720 രൂപയിൽ നിന്ന് 675 രൂപയായാണ് കുറയുന്നത്. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്ക് ലഭിക്കും. നെയ്യുടെ ജിഎസ് ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞതിൻറെ ഗുണമാണ് മിൽമ ഉപഭോക്താക്കൾക്ക് നൽകുന്നത്.
240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിൻറെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും 11 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിൻറെ ജിഎസ് ടി പൂർണ്ണമായും ഒഴുവാക്കിയിട്ടുണ്ട്.
മിൽമയുടെ ജനപ്രിയ ഉത്പന്നമായ വാനില ഐസ്ക്രീമിൻറെ 220 രൂപയായിരുന്ന ഒരു ലിറ്ററിൻറെ വില 196 രൂപയായി കുറച്ചിട്ടുണ്ട്. . ജിഎസ് ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭ്യമാകും.
ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ ജിഎസ് ടി ഇളവുകളുടെ മുഴുവൻ നേട്ടങ്ങളും ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രിയപ്പെട്ട ഉപഭോക്താക്കളോടുള്ള കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ അർപ്പണ മനോഭാവമാണ് ഇത് തെളിയിക്കുന്നതെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൻറെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ആശ്വാസം നൽകാൻ കഴിയുന്നതിൽ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക പാൽ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും വിപണിയിൽ അവയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കുറവ് പ്രാബല്യത്തിൽ വരുമ്പോൾ നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്ക്രീമിന് 12 മുതൽ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളേവേർഡ് പാലിൻറെ നികുതിയും 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട് . അഞ്ച് ശതമാനം ഉണ്ടായിരുന്ന യുച്ച്ടി പാലിൻറെ ജി എസ് ടിയും ഒഴിവാക്കിയിട്ടുണ്ട്.
മിൽമയുടെ പായസം മിക്സിൻറെ ജിഎസ് ടി 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കി കുറച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസുൾക്കും ഈ ഇളവ് ലഭ്യമാണ്. അതേസമയം ഗുണമേന്മയുള്ള പാൽ, പാലുത്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നതിനൊപ്പം വിവിധ സബ്സിഡികൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലൂടെ ക്ഷീരകർഷകരെ സഹായിക്കുന്നതിനും കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (കെസിഎംഎംഎഫ്) ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ചെയർമാൻ വ്യക്തമാക്കി.
പാലുത്പാദകരെയും ഉപഭോക്താക്കളെയും മിൽമ ഒരുപോലെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.