ട്രംപിന്റെ വാഹനവ്യൂഹത്തിനായി മാക്രോണിന്റെ വഴി മുടക്കി പൊലീസ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ന്യൂയോർക്ക് പൊലീസ് എല്ലാ റോഡുകളും അടച്ചതോടെ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോണ്‍ ന്യൂയോർക്ക് നഗരത്തിലെ തെരുവില്‍ തന്നെ കുടുങ്ങി.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം എംബസിയിലേക്ക് മടങ്ങവേ, ട്രംപിന്റെ വാഹനവ്യൂഹത്തിനായി റോഡുകൾ അടച്ചതിനാൽ മാക്രോണിന്റെ വാഹനം വഴിയിൽ കുടുങ്ങി. ഇതോടെ മാക്രോൺ സ്വയം വാഹനത്തിൽ നിന്നിറങ്ങി, പൊലീസുകാരോട് തടസ്സത്തെക്കുറിച്ച് അന്വേഷിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സംഭവത്തിന് പിന്നാലെ മാക്രോൺ ട്രംപിനെ ഫോണിൽ വിളിച്ചു. “സുഖമായിരിക്കുന്നോ? നിന്റെ വാഹനവ്യൂഹത്തിനായി എല്ലാം അടച്ചതിനാൽ ഞാൻ ഇവിടെ കാത്തുനിൽക്കുകയാണ്,” എന്ന് തമാശരൂപേണ മാക്രോൺ ട്രംപിനോട് പറഞ്ഞു. ബാരിക്കേഡുകൾക്കുള്ളിൽ ജനക്കൂട്ടം നോക്കിനിൽക്കെ, മാക്രോൺ ഫോണിൽ സംസാരിച്ചുകൊണ്ട് തെരുവിലൂടെ നടന്നു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം റോഡുകൾ തുറന്നെങ്കിലും മാക്രോൺ കാറിൽ കയറാതെ, ഫോൺ സംഭാഷണം തുടർന്നു.

ന്യൂയോർക്കിന്റെ തെരുവുകളിൽ സുരക്ഷാ സന്നാഹങ്ങളില്ലാതെ മാക്രോൺ നടക്കുന്നത് നാട്ടുകാർക്ക് അപൂർവ കാഴ്ചയായി. വഴിയിൽ ആളുകൾ ഫോട്ടോയും സെൽഫിയും എടുക്കാൻ തടിച്ചുകൂടിയപ്പോൾ, മാക്രോൺ സന്തോഷത്തോടെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്, ഫ്രഞ്ച് പ്രസിഡന്റിന്റെ ലാളിത്യവും ജനസൗഹൃദവും എടുത്തുകാട്ടി.

RELATED STORIES