തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു
Reporter: News Desk 26-Sep-2025784
മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. രാത്രി മുഴുവൻ കനത്ത മഴ പെയ്തിട്ടും അവധി പ്രഖ്യാപനം വൈകിയെത്തിയത് വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കി. വിദ്യാഭ്യാസ മന്ത്രിയുമായി രാവിലെ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.
കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് വ്യാപകമായും ശക്തമായും മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാമെന്നും പ്രവചിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ തീവ്രത വർധിച്ചതോടെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ഇതോടൊപ്പം ഏറ്റവും പുതിയ റഡാർ നിരീക്ഷണങ്ങൾ പ്രകാരം കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ മാത്രം ഓറഞ്ച് അലർട്ട് നിലനിൽക്കും. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാമെന്നാണ് പ്രവചനം.
നാളെ സംസ്ഥാനത്തെ മറ്റു ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യങ്ങളെയാണ് ശക്തമായ മഴയായി വിഭാഗീകരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകട സാധ്യതകൾ നിലനിൽക്കുന്നതിനാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.



















