ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ വാക്കുകൾ കൊണ്ട് പേടിപ്പിച്ച ശേഷം, മലക്കം മറഞ്ഞ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര

യുപിഐ എന്നെന്നേക്കും സൗജന്യമായി തരാനാകില്ലെന്ന മൽഹോത്രയുടെ വാക്കുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നിരിക്കെ അദ്ദേഹത്തിന്‍റെ വാക്കുകൾ സാധാരണക്കാരിൽ അടക്കം ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാൽ സഞ്ജയ് മൽഹോത്ര തന്നെ അത്തരം ആശങ്കകൾക്ക് അറുതിവരുത്തി പ്രസ്താവന നടത്തിയിരിക്കുകയാണ് ഇപ്പോൾ. ഡിജിറ്റൽ പേയ്‌മെന്‍റിനെ വ്യാപകമായി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ സീറോ-കോസ്റ്റ് പ്ലാറ്റ്‌ഫോമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

“നിലവിൽ, യുപിഐ ഇടപാടുകൾക്ക് യാതൊരു നിരക്കുകളും ചുമത്താനുള്ള ഉദ്ദേശമില്ല. നിലവിലെ നയത്തിന് കീഴിൽ ഉപയോക്താക്കൾക്ക് യുപിഐ സേവനങ്ങൾ സൗജന്യമായി നൽകുന്നത് തുടരും” -അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ റിയൽ-ടൈം പേയ്‌മെന്‍റ് വിപണി എന്ന നിലയിൽ യുപിഐ ഇടപാടുകൾ റെക്കോർഡിലെത്തി നിൽക്കുന്ന സമയത്താണ് സൗജന്യസേവനം അവസാനിപ്പിച്ചേക്കാം എന്നുള്ള ആർബിഐ ഗവർണറുടെ പ്രസ്താവന പുറത്തുവരുന്നത്. ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്, യുപിഐയിൽ ഇടപാട് ചാർജുകൾ ചുമത്താൻ പദ്ധതിയില്ലെന്ന് ഈ വർഷം ആദ്യം ധനകാര്യ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ ബജറ്റിൽ യുപിഐക്ക് സർക്കാർ അനുവദിച്ചിരുന്ന സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇതും മൽഹോത്രയുടെ ആദ്യ പ്രസ്താവനയും കൂട്ടിക്കെട്ടി വന്ന വാർത്തകൾ ആശങ്ക സൃഷ്ടിച്ചതോടെയാണ് അദ്ദേഹം തന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തിയത്.

RELATED STORIES