അപേക്ഷ പോലും സ്വീകരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ച കൊച്ചു വേലായുധന് നല്കിയ വാഗ്ദാനം സിപിഐഎം പാലിച്ചു

75 ദിവസം കൊണ്ടാണ് ചേർപ്പ് പുള്ളിൽ സിപിഐഎം അദ്ദേഹത്തിന് മനോഹരമായ വീടൊരുക്കിയത്. 2025 സെപ്തംബർ 13 നാണ് കലുങ്ക് സംവാദം എന്ന പേരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിലേക്ക് കൊച്ചു വേലായുധനെ ഉൾപ്പെടെ ക്ഷണിച്ചത്. ഒറ്റമുറി വീട്ടിൽ കഷ്ടപ്പെട്ട് കഴിയുന്ന തനിക്ക് വീട് നിർമ്മിക്കാൻ സഹായിക്കണമെന്ന് വയോധികനായ കൊച്ചു വേലായുധൻ അപേക്ഷ നൽകി.

എന്നാൽ അപേക്ഷയടങ്ങിയ കവർ പൊട്ടിച്ചു പോലും നോക്കാൻ തയ്യാറാകാതെ ‘ഇതൊന്നും എംപിയുടെ പണിയല്ല’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ തുറന്നടിച്ചുള്ള മറുപടി. ഇത് വലിയ വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ അടക്കം സുരേഷ് ഗോപിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

പൊതുവേദിയിൽ അവഹേളിതനായ കൊച്ചു വേലായുധനെ അന്ന് രാത്രി തന്നെ പുള്ളിലെ വീട്ടിൽ ചെന്ന് സിപിഐഎമ്മിന്‍റെ പിന്തുണ തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ അറിയിച്ചിരുന്നു. വീട് നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനവും നൽകി. ചേർപ്പിലെ സിപിഐഎം അത്യാവേശത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. രണ്ടു മാസവും 15 ദിവസവും കൊണ്ട് അവർ നിർമ്മാണംപൂർത്തീകരിച്ച് പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു.

ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഗൃഹപ്രവേശം നടത്താൻ കഴിയും. ഇന്ന് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ജില്ലാ സെക്രട്ടറി പുള്ളിലെത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയാ സെക്രട്ടറി എ എസ് ദിനകരൻ, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ കെ കെ അനിൽകുമാർ, വി ആർ ബിജു, കെ ഗോപി, കെ എസ് മോഹൻദാസ്, അഡ്വ. ഷേകേഷ് , ഷില്ലി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

RELATED STORIES