കെ റെയിൽ പദ്ധതിക്കുപകരം സർക്കാർ തേടുന്ന മറുവഴികളിൽ മെട്രോ മാതൃകയിലെ റീജ്യണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവും (ആർആർടിഎസ്) പരിഗണനയിൽ

കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതിക്ക് അനുമതിനൽകുന്നത്. മെട്രോ ആക്ടിന്റെ കീഴിൽവരുന്ന ആർആർടിഎസ് പദ്ധതികൾക്ക് വേഗത്തിൽ അനുമതിലഭിക്കുമെന്നതാണ് സർക്കാർ നീക്കത്തിന് പിന്നിൽ.

അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാർ. റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു. ആർആർടിഎസിന് റെയിൽവേ ഭൂമി ഒഴിവാക്കിവേണം രൂപരേഖ തയ്യാറാക്കാൻ.

തമിഴ്‌നാട് മൂന്ന് ആർആർടിഎസ് പദ്ധതികൾക്ക് പ്രാഥമികപഠനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വന്തംനിലയ്‌ക്ക് സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയശേഷം വായ്‌പയ്‌ക്കും സാധ്യതയുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോളം സങ്കീർണമല്ല നടപടിക്രമങ്ങൾ. അതേസമയം, നിലവിലെ പാത ഇരട്ടിപ്പിക്കാനുള്ള ശുപാർശയാണ് റെയിൽവേക്കുള്ളത്.

കാസർഗോഡ്-ഷൊർണൂർ മൂന്നും നാലും പാതകളുടെ ഡിപിആർ തയ്യാറായതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം. നിലവിലെ പാതയോടുചേർന്ന് സ്ഥലമേറ്റെടുക്കൽ സംസ്ഥാനത്ത് പ്രതിസന്ധിയാണ്. അതിനാൽ പുതിയ പാതകൾക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തുനൽകണമെന്നാണ് റെയിൽവേ നിലപാട്.

RELATED STORIES