കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിക്കും

വോട്ട് ചോർ, ഗദ്ദി ഛോഡ്" (വോട്ട് കള്ളൻ, കസേര വിടുക) എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷം ഈ നിർണ്ണായക പ്രതിഷേധ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ, വോട്ടർ പട്ടികകളിലെ പ്രശ്നങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര തുടങ്ങിയ മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും ഈ പ്രതിഷേധത്തിൽ അണിനിരക്കാൻ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. റാലിയിൽ രാജ്യമെമ്പാടുമായി ശേഖരിച്ച അഞ്ച് കോടിയിലധികം ഒപ്പുകൾ അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള ശ്രമങ്ങളും പാർട്ടി നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങളും പാർലമെന്റിലെ ചൂടേറിയ ചർച്ചകളും ഈ വിഷയത്തിൽ കോൺഗ്രസ് എത്രത്തോളം ഗൗരവത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കുന്നു.

വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധന (SIR) സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ റാലി എന്നതും ശ്രദ്ധേയമാണ്. ബൂത്ത് തലത്തിൽ വ്യാജവോട്ടുകളും ഇരട്ടവോട്ടുകളും കൂട്ടിച്ചേർക്കപ്പെടുന്നുണ്ടെന്നും ഇതിലൂടെ ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തകർക്കപ്പെടുകയാണെന്നുമാണ് കോൺഗ്രസിൻ്റെ പക്ഷം. ലോക്‌സഭാ തിരഞ്ഞെടുപ്പടക്കമുള്ള ഭാവി പോരാട്ടങ്ങൾക്ക് മുന്നോടിയായി പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനും ജനകീയ പിന്തുണ ഉറപ്പിക്കാനുമുള്ള ഒരു വലിയ രാഷ്ട്രീയ നീക്കമായാണ് ഈ പ്രതിഷേധ റാലിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

RELATED STORIES