131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് 5 ന് രാവിലെ 7.30 ന് നടക്കും

മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിര്‍വഹിക്കും.

2026 ഫെബ്രുവരി 8 മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്തു ഒരുക്കുന്ന വിശാലമായ പന്തലില്‍ കണ്‍വന്‍ഷന്‍ നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ട ഒരുങ്ങുന്നത്. പമ്പാ നദിയുടെ കരയില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള 3 താത്കാലിക പാലങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളും ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിലാണ് പാലം നിര്‍മ്മിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അരമനകടവ്, മുക്കരണ്ണത്ത് കടവ് എന്നിവിടങ്ങളില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.

ഫെബ്രുവരി ആദ്യവാരത്തില്‍ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും കണ്‍വന്‍ഷന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതതായും സംഘം ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍മാരായ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

RELATED STORIES