മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ തല ശരീരഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന പോലീസിന്റെ നിരുത്തരവാദപരമായ ധാരണയാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല.

വയലാര്‍ കളേഴത്ത് മെറിവില്ലയില്‍ കെ.എം.വിജയനെ വയലാര്‍ റെയില്‍വേ സ്റ്റേഷനു സമീപം 9ന് രാവിലെയാണു ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി. പത്താം തീയതി പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍, പതിനൊന്നാം തീയതി രാവിലെ അപകടം നടന്ന റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും നാട്ടുകാര്‍ വിജയന്റെ തല കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പോലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ച പുറംലോകമറിഞ്ഞത്.

മൃതദേഹം കൈമാറുന്നതിന് മുന്‍പ് എല്ലാ ശരീരഭാഗങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലീസിനുണ്ട്. എന്നാല്‍ ഇവിടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തലയുണ്ടാകുമെന്ന ബാലിശമായ നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.

തല കണ്ടെത്തിയതോടെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടവും ഡിഎന്‍എ പരിശോധനയും നടത്തേണ്ട അസാധാരണ സാഹചര്യം പോലീസിന് സൃഷ്ടിക്കേണ്ടി വന്നു. പിന്നീട് ഈ തല ശരീരഭാഗങ്ങള്‍ സംസ്‌കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്തു. പോലീസിന്റെ ഈ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധത്തിലാണ്. ഡോക്ടര്‍മാരും തലയില്ലെന്ന് തിരിച്ചറിഞ്ഞോ എന്നത് നിര്‍ണ്ണായകമാണ്. ഇല്ലെന്നാണ് പുറത്തുവരുന്ന സൂചന.

RELATED STORIES