സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വെട്ടിപ്പ്

സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വെട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശദായ വിഹിതത്തില്‍ നിന്നും ജീവനക്കാരന്‍ തട്ടിയെടുത്തത് 14.93 കോടി രൂപ. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തത്. ക്ഷേമനിധി ബോര്‍ഡിന്റെ ഗുരുതര വീഴ്ചയാണ് പണം നഷ്ടമാകാന്‍ കാരണമെന്നും സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.

സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ 2013 മുതല്‍ 2020 വരെ കാലയളവിലെ സ്‌പെഷ്യല്‍ ഓഡിറ്റിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും തട്ടിയെടുത്ത തുകയുടെ വ്യാപ്തിയും പുറത്തുവന്നത്.

ക്ഷേമനിധി ബോര്‍ഡിന്റെ ഭരണപരമായ അനാസ്ഥയാണ് ജീവനക്കാരന്‍ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനിടയാക്കിയതെന്നാണ് ഓഡിറ്ററുടെ കണ്ടെത്തല്‍. ലോട്ടറി ഡയറക്ടറാണ് ബോര്‍ഡിന്റെ സിഇഒയായി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും അംശദായം ബാങ്കിലേക്ക് അടയ്‌ക്കുന്ന കാര്യങ്ങളോ സര്‍ക്കാര്‍ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന കാര്യത്തിന്റെയോ മേല്‍നോട്ടം വഹിച്ചില്ല. ക്ലര്‍ക്കായ സംഗീതാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്തത്. ബാങ്കുകളില്‍ നിന്നും ജില്ലാ ഓഫീസുകളില്‍ നിന്നും വന്ന പണം പല ഘട്ടങ്ങളിലായി സംഗീത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍കുമാറിന്റെ അക്കൗണ്ടിലേക്കും കാലങ്ങളായി മാറ്റിക്കൊണ്ടിരുന്നു. ഓഡിറ്റുകള്‍ക്കായി വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളാണ് സംഗീത് ഹാജരാക്കിയത്.

ഒരു പൊതുമേഖല ബാങ്കില്‍ ക്ഷേമനിധി ബോര്‍ഡിനുണ്ടായിരുന്ന അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനും പുതിയ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിരുന്നു.

അവസാനിപ്പിക്കുന്ന അക്കൗണ്ടില്‍ നിന്നും പുതിയ അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള ചുമതലയും ക്ലര്‍ക്കായ സംഗീതിനായിരുന്നു. അയാള്‍ ആ പണവും തട്ടിയെടുത്തെങ്കിലും ബോര്‍ഡ് അതൊന്നുമറിഞ്ഞില്ല. വര്‍ഷത്തില്‍ നാലു പ്രാവശ്യം ബോര്‍ഡ് യോഗം ചേര്‍ന്ന് സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തണമെന്നാണ് ചട്ടം. എന്നാല്‍, അതൊന്നും നടപ്പിലായിരുന്നില്ല. ഉന്നത ഉദേ്യാഗസ്ഥരുടെ പേരിലും ക്യാഷ് ചെക്കുകള്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സംഗീത് മാറിയെടുത്തു. കേവലം ഒരു ക്ലര്‍ക്കായ സംഗീത് ഇത്ര വലിയ തട്ടിപ്പു നടത്തിയിട്ടും ഇത് ബോര്‍ഡോ സിഇഒയോ അറിഞ്ഞില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഗീത് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

സംഗീതിന് മാത്രമായി ഇത്രയും ആസൂത്രിതമായും ദൂര്‍ഘകാലമായും വലിയ ക്രമക്കേട് നടത്താന്‍ കഴിയുമോയെന്നതും ദുരൂഹമാണ്. വിജിലന്‍സിന്റെയും പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ഉള്‍പ്പെടെയുള്ള അന്വേഷണത്തിനും ഓഡിറ്റില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

RELATED STORIES