ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ കേസിൽ എംഡിഎംഎയുമായി പിടികൂടിയ ജിംനേഷ്യം ഉടമയുടെ ബാങ്ക് അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി
Reporter: News Desk 16-Jan-202655
നൂറനാട് പാലമേല്‍ കൈലാസം വീട്ടില്‍ ജി. അഖില്‍ നാഥിന്റെ (31) പേരിലുള്ള ബാങ്ക് അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും അരലക്ഷം രൂപയുടെ ബാലന്‍സ് തുകയാണ് പോലീസ് കണ്ടുകെട്ടിയത്.
നൂറനാട് പടനിലത്തും കുടശനാട്ടും പവര്‍ ഹൗസ് എന്ന പേരില്‍ ജിംനേഷ്യം നടത്തി വരികയായിരുന്നു അഖില്‍ നാഥ്. ജിംനേഷ്യങ്ങളില്‍ വര്ക്കൗട്ടിനെത്തുന്ന യുവാക്കളെയും യുവതികളെയും ആദ്യം ഇയാളുടെ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് ക്ഷണിച്ച് രാസലഹരി നല്‍കും. തുടര്‍ന്ന് ആവശ്യമനുസരിച്ച് സൗജന്യമായി ലഹരിവസ്തു എത്തിച്ചുകൊടുക്കും.
ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ വന്‍തുക വാങ്ങി വില്‍പ്പന നടത്തുന്നതുമാണ് ഇയാളുടെ രീതി. രാസലഹരിക്ക് അടിമയായ ഇയാളും ജിം ട്രെയിനറായ സുഹൃത്ത് വിന്‍രാജും ബംഗളൂരുവില്‍ പോയി 50 ഗ്രാം എംഡിഎംഎ വാങ്ങിക്കൊണ്ടു വന്ന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് അറസ്റ്റിലായത്.
ഇവരുടെ അറസ്റ്റിനുശേഷം ഇവര്‍ക്ക് രാസലഹരി വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി എന്‍.എം. മുഹമ്മദ് ജാബിദ് (31), കോഴിക്കോട് സ്വദേശി മുഹമ്മദ് സഹല്‍ (22) എന്നിവരെ നവംബര്‍ 16ന് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) എന്നയാളെ കഴിഞ്ഞ ആഴ്ചയും അറസ്റ്റ് ചെയ്യുകയുണ്ടായി.
രാസലഹരി വില്‍പ്പനയിലൂടെ അഖില്‍ നാഥിന് ലഭിച്ചതെന്നു കണ്ടെത്തിയ അരലക്ഷം രൂപയാണ് പണത്തിന്റെ ഉറവിടം സംബന്ധിച്ച് യാതൊരു തെളിവുകളും ഹാജരാക്കാത്തതിനെത്തുടര്‍ന്ന് കണ്ടുകെട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ട് തുക കണ്ടുകെട്ടല്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്ഥാനമായുള്ള ട്രിബ്യൂണലിന് തെളിവു രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.



















