കുട്ടനാടന്‍ താറാവ് ഇനത്തിന് രാജ്യത്തെ ഔദ്യോഗിക നാടന്‍ താറാവിനങ്ങളുടെ നിരയില്‍ അംഗീകാരം
Reporter: News Desk 16-Jan-202616
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലെ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്സസാണ് ദേശീയ അംഗീകാരം നല്‍കിയത്.
അംഗീകൃത ജനുസാകുന്നതോടെ
സര്‍ക്കാര്‍ പദ്ധതികളിലെ അര്‍ഹത, ഗവേഷണ ധനസഹായം, ശാസ്ത്രീയമായ രീതിയില്‍ എണ്ണം രേഖപ്പെടുത്തല്‍ എന്നിവ സാധ്യമാകും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 18 ലക്ഷം കുട്ടനാടന്‍ താറാവുകളുള്ളതായാണു കണക്ക്.
തവിട്ടു നിറത്തില്‍ കറുപ്പ് നിറം കൂടുതലുള്ളവയെ ചാരയെന്നും ഇളം തവിട്ടു നിറത്തിലുള്ളവയെ ചെമ്പല്ലിയെന്നും രണ്ട് ഇനങ്ങളായാണ് കുട്ടനാടന്‍ താറാവുകള്‍ അറിയപ്പെടുന്നത്. ശരാശരി ഒന്നരക്കിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കം വരുന്ന ഈ ഇനം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള നാടന്‍ താറാവിനമാണ്.
വര്‍ഷത്തില്‍ ഇരുനൂറില്‍ പരം മുട്ടകളിടും. മുട്ടയ്ക്ക് 70 ഗ്രാം വരെ തൂക്കം. ഇറച്ചിക്കും മുട്ടയ്ക്കും ഏറെ മെച്ചം. കുട്ടനാട്ടിലെ ആറായിരം കര്‍ഷകരുടെ പ്രധാന വരുമാനവുമാണ് താറാവ് വളര്‍ത്തല്‍. വന്‍തോതില്‍ താറാവു കൂട്ടങ്ങളെ പാടങ്ങളിലും തോടുകളിലും മേയിച്ചു നടന്ന് മുട്ട വിറ്റ് വരുമാനമുണ്ടാക്കുന്ന കര്‍ഷകര്‍ ഏറെയാണ്.
നാലു താറാവില്ലാത്ത വീടുകള്‍ കുട്ടനാട്ടില്‍ വിരളം. പാടങ്ങളിലും തോടുകളിലും തനിയെ തീറ്റ തേടും. രാത്രി വീടുകളിലെത്തി മുട്ടയിടും. പക്ഷിപ്പനി പതിവായി വരുമ്പോഴും കുട്ടനാടന്‍ താറാവുകള്‍ മികച്ച പ്രതിരോധം കാണിക്കുന്നു.
മല്ലാട് ഇനത്തിലുള്ള കാട്ടുതാറാവില്നിന്നാണ് കുട്ടനാടന്‍ താറാവിന്റെ വംശമുണ്ടായതെന്ന് വെറ്ററിനറി വിദഗ്ധര്‍ പറയുന്നു. എത്ര ദൂരം നടക്കാനും നീന്താനും ഇവയ്ക്കു സാധിക്കും. ഇവയുടെ ഇറച്ചി കൊളസ്ട്രോള്‍ ഉണ്ടാക്കില്ല. പാടശേഖരങ്ങളിലെ നെല്ലിന്റെ അവശിഷ്ടങ്ങളും ചെറുമത്സ്യങ്ങളും മറ്റ് ജലജീവികളുമാണു പ്രധാന തീറ്റ.



















