വേനല്‍ച്ചൂട് കനത്തു തുടങ്ങിയതോടെ നാടന്‍ കരിക്കിനും ശീതളപാനീയങ്ങള്‍ക്കും ഡിമാന്‍ഡേറി
Reporter: News Desk 17-Jan-202627
കരിക്ക് വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ വിലയും വര്‍ധിച്ചു. നിറം ചേര്‍ത്ത ശീതളപാനീയങ്ങളേക്കാളുപരി കരിക്കിനും നാടന്‍ പാനീയങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെ. തൊണ്ട വരളുന്ന ചൂടില്‍ ഉള്ളം തണുപ്പിക്കാന്‍ തണ്ണിമത്തനും കരിമ്പിന് ജ്യൂസും കുലുക്കി സര്‍ബത്തും കൂടാതെ വ്യത്യസ്ത ഇനം നാരങ്ങാവെള്ളം വരെ വിപണിയില്‍ വില്‍പ്പന തകൃതിയാണ്.
കഴിഞ്ഞ വര്‍ഷം 40 മുതല്‍ 60 വരെയായിരുന്ന കരിക്ക് വില ഇപ്പോള്‍ 70 മുതല്‍ 75 വരെയായി ഉയര്‍ന്നു. നഗരങ്ങളില്‍ കരിക്കിന് 80 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. വേനലായതോടെ ഒരു കരിക്കിന് 40 മുതല്‍ 45 വരെ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്.
നേരത്തെ 25 -35 എന്ന നിരക്കിലാണ് കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നത്. വേനലെത്തിയതോടെ തമിഴ്നാട്ടില്‍നിന്നു വ്യാപകമായി കരിക്ക് എത്തുന്നുണ്ട്. തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങളില്‍ കരിക്കെത്തുന്നുണ്ട്. നാടന്‍ കരിക്ക് ആവശ്യത്തിനു ലഭ്യമാകാത്ത സഹചര്യത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കരിക്ക് കച്ചവടക്കാര്‍ വാങ്ങുന്നത്.
ചൂടേറിയതോടെ തണ്ണിമത്തനും വിപണിയില്‍ വില്‍പ്പന വര്‍ധിച്ചു . വലിപ്പം കൂടിയ തണ്ണിമത്തനെക്കാള്‍ ചെറിയ കടുംപച്ചനിറത്തിലുള്ള കിരണ്‍ ഇനത്തിനാണ് ആവശ്യക്കാര്‍ ഏറെയെന്ന് വില്പനക്കാര് പറയുന്നു. കിലോയ്ക്ക് 30-40 രൂപ വരെയാണ് ഇവയുടെ വില. തണ്ണിമത്തന് ജ്യൂസായും, തണുപ്പിച്ച് ചെറിയ പീസുകളായും വില്പനയ്ക്കുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് തണ്ണിമത്തന് എത്തുന്നത്.
കരിമ്പിന് ജൂസിനു 30 രൂപ നിരക്കിലാണ് വഴിയോരങ്ങളില്‍ വില്പന. കുലുക്കി സര്‍ബത്തും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കിയ സംഭാരവും പാതയോരങ്ങളിലെ ചെറിയ കടകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബേക്കറികളിലും കൂള്‍ബാറുകളിലും ഫ്രഷ് ലൈം, സോഡാ നാരങ്ങാവെള്ളം, ഫ്രഷ് ജൂസുകള്‍, വിവിധതരം ഷേക്കുകള്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. വ്യത്യസ്തത നിറഞ്ഞ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വൈറലാകുന്നതോടെ ഇത്തരം കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കും.



















