ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

സിബിഐ ഉദ്യോഗസ്ഥര്‍ നിരന്തരം വിളിപ്പിച്ചു വരുത്തി ചോദ്യം ചെയ്തു ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണവുമായി ഹര്‍ജിക്കാരന്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായ വഴിയിലൂടെ തുടരാമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഓര്‍മ്മിപ്പിച്ചു. 2018 മാര്‍ച്ച് 22-നാണ് നാടിനെയാകെ നടുക്കിയ ജെസ്നയുടെ തിരോധാനം സംഭവിക്കുന്നത്. പിന്നീട് കുടുംബത്തിന്റെയും സംഘടനകളുടെയും ഹര്‍ജികളെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിലൂടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.

RELATED STORIES