ആത്മീയ ഉണർവിന്റെ സംഗമത്തിനൊരുങ്ങി ഖത്തർ; QMPC 22-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 9 മുതൽ
Author: Shinu K. JoyReporter: സ്വന്തം ലേഖകൻ 24-Nov-2026
612
ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിന്റെയും ആത്മീയ കൂട്ടായ്മയുടെയും വേദിയായ ഐഡിസിസി-പിസി ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ (QMPC) 22-ാമത് വാർഷിക കൺവൻഷൻ 2026 ഡിസംബർ 9, 10, 11 തീയതികളിൽ നടക്കും. ഖത്തറിലെ ഇരുപത് പെന്തെക്കോസ്ത് സഭകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കൺവൻഷന് ഐഡിസിസി പ്രത്യേകം ഒരുക്കുന്ന കൺവൻഷൻ ടെന്റ് വേദിയാകും.
പ്രമുഖ സുവിശേഷ പ്രഭാഷകനും വചനശുശ്രൂഷകനുമായ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും. ദൈവവചന ശുശ്രൂഷയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകുന്ന കൺവൻഷൻ വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും ക്രൈസ്തവ കൂട്ടായ്മയുടെ ശക്തീകരണത്തിനും വേദിയൊരുക്കും.
ഇരുപത് അംഗസഭകളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന QMPC സംയുക്ത ക്വയറിന്റെ നേതൃത്വത്തിലുള്ള സ്തുതി-ആരാധനാ ശുശ്രൂഷ കൺവൻഷന്റെ പ്രധാന സവിശേഷതയായിരിക്കും. സഭകളുടെ ഐക്യവും ആത്മീയ കൂട്ടായ്മയും വിളിച്ചോതുന്ന സംഗീത ശുശ്രൂഷയ്ക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സുവിശേഷ സമ്മേളനങ്ങൾക്കും പ്രാർത്ഥനാ-ആരാധനാ ശുശ്രൂഷകൾക്കും ശേഷം ഡിസംബർ 11 വെള്ളിയാഴ്ച സംയുക്ത സഭായോഗത്തോടും കർത്തൃമേശ ശുശ്രൂഷയോടും കൂടി കൺവൻഷൻ സമാപിക്കും.
QMPC പ്രസിഡന്റ് പാസ്റ്റർ പി. വി. ഉമ്മൻ, സെക്രട്ടറി ബ്രദർ ബിജോയ് കെ. ജോയ്, ട്രഷറർ ബ്രദർ റെജി വർഗീസ് എന്നിവരുടെയും കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംഘാടക സമിതികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നു.
സഭകൾ തമ്മിലുള്ള ഐക്യം ദൃഢപ്പെടുത്തുക, സഹോദരസ്നേഹവും ആത്മീയ കൂട്ടായ്മയും പരിപോഷിപ്പിക്കുക, ദൈവവചനത്തിലൂടെ വിശ്വാസികളിൽ ആത്മീയ ഉണർവ് വളർത്തുക എന്നിവയാണ് കൺവൻഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
സഭാ-വിഭാഗീയ വ്യത്യാസങ്ങൾക്കതീതമായി ഖത്തറിലെ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
ലാൻഡ്വേ ന്യൂസ് | ഖത്തർ


















