ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയ്ക്ക് ആദ്യ വാക്സിൻ

ന്യൂഡൽഹി: ജാപ്പനീസ് മരുന്ന് നിർമ്മാണ കമ്പനിയായ ടാകെഡ വികസിപ്പിച്ച 'ക്യൂഡെംഗ' എന്ന ഡെങ്കി വാക്സിൻ 2027 ആദ്യ പകുതിയോടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തിലാണ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്യുന്നത്.


ജാപ്പനീസ് കമ്പനിയായ ടാകെഡ വികസിപ്പിച്ചെടുത്ത ക്യൂഡെംഗ, ഡെങ്കി വൈറസിന്റെ നാല് തരം വ്യതിയാനങ്ങൾക്കെതിരെയും (DENV-1, DENV-2, DENV-3, DENV-4) ഒരുപോലെ പ്രതിരോധശേഷി നൽകുന്ന വാക്സിനാണ്.

ആർക്കൊക്കെ സ്വീകരിക്കാം:
4 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ വാക്സിൻ നൽകാം.

ഡോസുകൾ:
3 മാസത്തെ ഇടവേളയിൽ നൽകുന്ന രണ്ട് ഡോസുകളാണ് (0.5 ml വീതം) പ്രതിരോധത്തിനായി നൽകേണ്ടത്.

പ്രത്യേകത:
മുമ്പ് ഡെങ്കിപ്പനി വന്നിട്ടുള്ളവർക്കും വരാത്തവർക്കും ഒരുപോലെ ഈ വാക്സിൻ സ്വീകരിക്കാം.

വാക്സിൻ എടുക്കുന്നതിന് മുൻപ് മുൻകാല രോഗബാധ പരിശോധിക്കേണ്ടതില്ല എന്നതും ഇതിന്റെ വലിയൊരു മേന്മയാണ്.

ഡെങ്കി ബാധ തടയുന്നതിൽ ക്യൂഡെംഗ ഉയർന്ന ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട് . രണ്ടാം ഡോസ് എടുത്ത് ഒരു വർഷത്തിന് ശേഷം രോഗം തടയുന്നതിൽ 80.2% ഫലപ്രാപ്തി കണ്ടെത്തിയിട്ടുണ്ട്.

ഡെങ്കി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിൽ 90.4% ഫലപ്രാപ്തിയും ക്ലിനിക്കൽ ട്രയലുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2026 ജൂലൈയിൽ ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി ഈ വാക്സിന് ലഭിച്ചിരുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്ന് 2027 ആദ്യപകുതിയോടെ സ്വകാര്യ വിപണി വഴി വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ മൺസൂൺ കാലങ്ങളിലും അതിനുശേഷവും ഡെങ്കിപ്പനി പടർന്നുപിടിക്കാറുള്ളതിനാൽ, ക്യൂഡെംഗ വാക്സിന്റെ വരവ് രാജ്യത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

RELATED STORIES