ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ആശ്വാസം

തിരുവനന്തപുരം: ‘സീറോ കാ ദം’ എന്ന പേരിലുള്ള പദ്ധതി ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. പിന്നീട് പദ്ധതി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബിപിസിഎൽ അറിയിച്ചു. ബോട്ടിലിംഗ് പ്ലാന്റുകളിൽ നിന്ന് ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തുന്നതുവരെയുള്ള വിതരണ ശൃംഖലയിൽ സിലിണ്ടറുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


വിതരണസമയത്ത് സിലിണ്ടറിന് യഥാർഥ തകരാർ കണ്ടെത്തിയാൽ ഉപഭോക്താവിന് അധിക ചെലവില്ലാതെ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ സിലിണ്ടർ നൽകും. സിലിണ്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സാങ്കേതിക പരിശോധനകൾ, അറ്റകുറ്റപ്പണികൾ, സുരക്ഷാ പരിശോധനകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ശക്തമാക്കും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (NABL) അംഗീകാരമുള്ള സ്വതന്ത്ര ഏജൻസികളുടെ പരിശോധനയ്ക്കും സിലിണ്ടറുകൾ വിധേയമാക്കും. വിതരണ ഘട്ടത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ ഉപഭോക്തൃ സേവനം കൂടുതൽ കാര്യക്ഷമമാക്കാനും ബിപിസിഎൽ ലക്ഷ്യമിടുന്നു.

പദ്ധതി പ്രവർത്തനക്ഷമതയും ഉപഭോക്തൃ സുരക്ഷയും വർധിപ്പിക്കുന്നതിനൊപ്പം ഉയർന്ന നിലവാരമുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാനുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് ബിപിസിഎൽ എൽപിജി വിഭാഗം ബിസിനസ് ഹെഡ് ടി.വി. പാണ്ഡ്യൻ പറഞ്ഞു.

ബോട്ടിലിംഗ് പ്ലാന്റുകളിൽ നിന്ന് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ സിലിണ്ടർ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES