ബാങ്ക് പണിമുടക്കിന് മുമ്പ് കേന്ദ്രത്തിന്റെ നിർണായക നീക്കം; സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കും

28-ാം തീയതിമുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. ഫോര്‍ത്ത് സാറ്റര്‍ഡേ, ഞായറാഴ്ച പിന്നെ മൂന്ന് ദിവസത്തെ പണിമുടക്ക് എന്നിങ്ങനെ 5 ബാങ്ക് അവധികള്‍ അടുപ്പിച്ചുവരുന്നത് തടയിടാനാണ് സര്‍ക്കാര്‍ നീക്കം. ഞായറാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

അടുപ്പിച്ച് വരുന്ന 3 ദിവസത്തെ പണിമുടക്കും അതിന് മുമ്പുള്ള ബാങ്ക് അവധിയും ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം വലുതാണ്. തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള നീക്കം. പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധന മന്ത്രാലയം അറിയിച്ചു.

ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍. ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുന്ന കാര്യം പരിഗണനയിലാണെന്ന പതിവുമറുപടി മാത്രമാണ് ലഭിച്ചതെന്നും ഇതില്‍ തീരുമാനമായാലേ പണിമുടക്കിന്റെ കാര്യം പുനഃപരിശോധിക്കൂ എന്ന നിലപാടിലാണ് യൂണിയനുകള്‍.

RELATED STORIES