വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രമുഖ ഡോക്ടര്‍മാരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കോടതികളില്‍ ഹാജരാക്കിയാണ് സംഘം വന്‍തുക ക്ലെയിം ചെയ്തിരുന്നത്. തങ്ങളുടെ പേരില്‍ വ്യാജരേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്തുവെച്ച് അപകടത്തില്‍ പരിക്കേറ്റ സംഭവങ്ങള്‍ പോലും കേരളത്തില്‍ വെച്ചുണ്ടായ അപകടങ്ങളാണെന്ന് വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം നടന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

തങ്ങള്‍ നേരിടുന്ന വന്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളായ ബജാജ് അലയന്‍സ്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എന്നിവര്‍ സര്‍ക്കാരിന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന് പുറമേ, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളിലെ ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകള്‍ തടയാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ അധ്യക്ഷനായി പുതിയ സംഘം നിലവില്‍ വന്നത്.

സൈക്കിളില്‍ നിന്ന് വീണതും തലയില്‍ തേങ്ങ വീണതുമടക്കമുള്ള സാധാരണ സംഭവങ്ങളെപ്പോലും വ്യാജ രേഖകളിലൂടെ വാഹനാപകടങ്ങളാക്കി മാറ്റി വന്‍തുക തട്ടിയെടുക്കുന്ന രീതിയാണ് ഈ മാഫിയ പിന്തുടര്‍ന്നിരുന്നത്. തലസ്ഥാനത്ത് മാത്രം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ അരനൂറ്റാണ്ടിലേറെ കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലുണ്ട്.

RELATED STORIES