അമേരിക്കയിൽ വൻ നിക്ഷേപവുമായി എസ്സാർ ഗ്രൂപ്പ്

1969 ൽ ശശി റൂയിയ, രവി റൂയിയ എന്നീ സഹോദരങ്ങൾ തുടങ്ങിയ സ്ഥാപനം ഇന്ന് 15 ബില്യൺ യുഎസ് ഡോളർ വാർഷിക വരുമാനമുള്ളതാണ്.

അമേരിക്കയിൽ ഒരു സംയോജിത ഉരുക്ക് ബിസിനസ്സ് കെട്ടിപ്പടുക്കാനാണ് ഭാരതീയ വ്യവസായ ഗ്രൂപ്പായ എസ്സാർ ഏകദേശം 18 ബില്യൺ ഡോളർ (1.72 ലക്ഷം കോടി) നിക്ഷേപിക്കുന്നത്. ഇതിൽ അയോവയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 15 ബില്യൺ ഡോളർ ചെലവ് വരുന്ന പ്ലാന്റ്, അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ കേന്ദ്രമായി മാറുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവരിച്ചു.

ഈ നിക്ഷേപം മിനസോട്ടയിലെ മെസാബി മെറ്റാലിക്‌സിന്റെ ഇരുമ്പയിര് ഖനന പ്രവർത്തനങ്ങളെ പുതിയ അയോവ സ്റ്റീൽ കോംപ്ലക്‌സുമായി ബന്ധിപ്പിക്കും. പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ, ഈ പ്ലാന്റ് പ്രതിവർഷം 10 ദശലക്ഷം ടൺ വരെ ഉരുക്ക് ഉൽപ്പാദിപ്പിക്കുമെന്നും, ഖനി മുതൽ മിൽ വരെയുള്ള ഒരു സമ്പൂർണ്ണ വിതരണ ശൃംഖല അമേരിക്കയിൽ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച്, മെസാബി മെറ്റാലിക്‌സ് ഉന്നത ഉദ്യോഗസ്ഥർക്കും തന്റെ ഭരണകൂടത്തിലെ അംഗങ്ങൾക്കുമൊപ്പം ട്രംപ് ഈ പദ്ധതി പ്രഖ്യാപിച്ചു.

‘അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ് അയോവ സംസ്ഥാനത്ത് മെസാബി മെറ്റാലിക്‌സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു വലിയ പ്ലാന്റാണ് – ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്ന് – എന്നാൽ അമേരിക്കയിലെ ഏറ്റവും വലിയ പ്ലാന്റ് എന്ന കാര്യത്തിൽ ഇതിന് എതിരാളികളില്ല,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എസ്സാറിന്റെ 18 ബില്യൺ ഡോളർ നിക്ഷേപ പദ്ധതിയിൽ അയോവയിലെ സ്റ്റീൽ പ്ലാന്റും മിനസോട്ടയിലെ ഖനിയും ഉൾപ്പെടുന്നു.

ഭാരതത്തിൽ ജനിക്കുകയും ന്യൂയോർക്ക്, ബോസ്റ്റൺ, കാലിഫോർണിയ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത ശേഷം തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച രാജ്യത്തേക്കുള്ള തിരിച്ചുവരവായാണ് മെസാബി മെറ്റാലിക്‌സ് ചെയർമാൻ രേവന്ത് റൂയിയ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.

RELATED STORIES