വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങൾ ഇന്ന് അസാധാരണമല്ല’ ; കാലം മാറിയെന്ന് കിരൺ റാവു

ലസ്റ്റ് സ്റ്റോറീസ് 3’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവു ഇക്കാര്യം പറഞ്ഞത്.

യുവതലമുറയെ നിസ്സാരമനോഭാവമുള്ളവർ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ സ്വതന്ത്ര സമീപനം പുലർത്തുന്നവർ എന്ന് വിശേഷിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്ന് അവർ പറഞ്ഞു. മുൻകാലങ്ങളിൽ സമൂഹം വ്യക്തികൾക്ക് പ്രത്യേക തരത്തിലുള്ള ബന്ധങ്ങളാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം ധാരണകൾക്ക് മാറ്റം വന്നിട്ടുണ്ടെന്നും കിരൺ റാവു ചൂണ്ടിക്കാട്ടി.

പരസ്പരം ആകർഷണമുള്ള എന്നാൽ മറ്റ് ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത രണ്ട് യുവാക്കളുടെ ബന്ധവും അതിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് തന്റെ കഥയിലൂടെ അവതരിപ്പിക്കുന്നതെന്നും കിരൺ റാവു വ്യക്തമാക്കി.

‘എന്റെ തലമുറയിൽ ഒരാളുമായി ഒരു പ്രത്യേക തരത്തിലുള്ള ബന്ധം മാത്രമേ ഉണ്ടാകാവൂ എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. ശാരീരിക ബന്ധമോ, അല്ലെങ്കിൽ നിശ്ചയിച്ച വിവാഹത്തിന് ശേഷം ഒരാളുമായി വൈകാരികമായി അടുക്കുന്നതോ ആയിരുന്നു സാധാരണ രീതി. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് മാറിയിരിക്കുന്നു’ കിരൺ റാവു പറഞ്ഞു.

വിവാഹിതരാകാതെ തന്നെ ആളുകൾക്ക് ആഴമേറിയതും തീവ്രവുമായ വൈകാരികവും ശാരീരികവുമായ സംതൃപ്തി നൽകുന്ന ബന്ധങ്ങൾ ഉണ്ടാകാം. അതാണ് ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത. ഈ ലോകത്താണ് ഞങ്ങൾ കഥ ഒരുക്കിയത്. പുതിയ തലമുറയുടെ പുതുമയും സ്വാതന്ത്ര്യബോധവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഞങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിച്ചത്’ കിരൺ റാവു പറഞ്ഞു.

RELATED STORIES