ഒറ്റപ്പകല്‍ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് മറക്കാനാകാത്ത രസകരമായ ഒരു അനുഭവമായി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ ദര്‍ശന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിന് കഴിഞ്ഞ ദിവസം ലഭിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.രാവിലെ തന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ച സുമേഷിന് കണ്ണുകളെ വിശ്വസിക്കാനായില്ല; ലഭ്യമായ ബാലന്‍സില്‍ തിളങ്ങിനില്‍ക്കുന്നത് 3,500 കോടിയിലേറെ രൂപ! പെട്ടെന്നൊരു നിമിഷം കൊണ്ട് സഹസ്ര കോടീശ്വരനായതിന്റെ സന്തോഷത്തേക്കാള്‍ ഉപരി, എന്താണ് സംഭവിക്കുന്നത് എന്ന ഭയവും അമ്പരപ്പുമാണ് അദ്ദേഹത്തെ പിടികൂടിയത്.ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഈ വന്‍ തുക ദൃശ്യമായത്. ഇതിനു പുറമേ, കടയിലെ കാര്‍ഡ് സൈ്വപ്പിങ് ഇനത്തില്‍ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടിലെത്തിയതായി അദ്ദേഹത്തിന്റെ ഫോണിലേക്ക് സന്ദേശവും ലഭിച്ചു. കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ സുമേഷ് ഉടന്‍ തന്നെ ബാങ്ക് അധികൃതരെ ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു.തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍, സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ബാലന്‍സ് സാധാരണ നിലയിലാക്കുകയും ചെയ്തു. എന്തായാലും, ഒറ്റപ്പകല്‍ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് മറക്കാനാകാത്ത രസകരമായ ഒരു അനുഭവമായിരുന്നു എന്നാണ് സുമേഷ് കുമാര്‍ പ്രതികരിച്ചത്.

RELATED STORIES