സ്പെയിനിലെ ടൊലീഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതായി റിപ്പോർട്ട്

ബുധനാഴ്ച രാവിലെ മാഡ്രിഡ്–അൻഡലൂസിയ അതിവേഗ റെയിൽപാതയിൽ ഉർദയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും തുടരുകയാണ്. റെൻഫെയുടെ എവിഇ ട്രെയിനും ഇറ്യോ ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ട്രെയിനുകളും മാഡ്രിഡിൽനിന്ന് സെവില്ലയിലേക്ക് പോകുന്നതിനിടെയാണ് കൂട്ടിയിടിച്ചതെന്ന് കാസ്റ്റീൽ-ലാ മഞ്ച മേഖലയിലെ അധികൃതർ അറിയിച്ചു. നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിന്റെ പിൻഭാഗത്ത് മറ്റൊരു ട്രെയിൻ ഇടിച്ചതിനെത്തുടർന്ന് രണ്ട് കോച്ചുകൾ പാളം തെറ്റിയതായാണ് പ്രാഥമിക വിവരം.

റെൻഫെ ട്രെയിനിൽ 397 യാത്രക്കാരും ഇറ്യോ ട്രെയിനിൽ 147 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തെത്തുടർന്ന് മാഡ്രിഡ്, സിയുദാദ് റിയൽ, അൻഡലൂസിയ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. പ്രാദേശിക, പ്രവിശ്യാ, ദേശീയ തലങ്ങളിലെ അധികൃതർ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് കാസ്റ്റീൽ-ലാ മഞ്ച മേഖലയിലെ അധികൃതയായ പഡില്ല സ്പാനിഷ് പൊതുമാധ്യമമായ ടിവിഇയോട് പറഞ്ഞു. മേഖലയിലെ പ്രസിഡന്റ് എമിലിയാനോ ഗാർസിയ-പാഖെ അപകടസ്ഥലത്തേക്ക് തിരിച്ചതായും ദുരന്തത്തെത്തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചതായും അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

RELATED STORIES