ജിദ്ദ നവോദയയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കി
Reporter: News Desk 20-Oct-20263
വലിയ പെട്ടികൾ നിറയെ ഗൾഫ് മണമുള്ള സാധനങ്ങളുമായി അവർ വരുന്നതും കാത്തിരുന്നവരുടെ മുന്നിലേക്ക് ഇതാ വീണ്ടും അവരെത്തുന്നു... ഇത്തവണയും വലിയ പെട്ടികളുണ്ട്. പക്ഷേ ആ പെട്ടികളിൽ അവരുടെ ചേതനയറ്റ ശരീരമാണെന്നുള്ള ഒരൊറ്റ വ്യത്യാസം മാത്രം..
നിറയെ പ്രതീക്ഷകളും നിറമുള്ള സ്വപ്നങ്ങളും ചുമലുകൾക്ക് താങ്ങാനാവാത്ത ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാനായി മരുഭൂമിയിലേക്ക് വിമാനം കയറിയവർ..
ഇതാ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും സ്വാതന്ത്രമായി അവർ ശാന്തമായി ഉറങ്ങുന്നു..
ഇക്കഴിഞ്ഞ ഒക്ടോബർ 2 ന് സൗദി തായിഫിനടുത്തുള്ള ചെറുപട്ടണമായ റാനിയയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട 4 ഇന്ത്യൻ നഴ്സുമാരിൽ 2 പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മറ്റുള്ള രണ്ട് പേരുടെ മൃതദേഹങ്ങൾ നാളെയും എത്തും.
ജിദ്ദ നവോദയയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണിയുടെയും തമിഴ്നാട് തഞ്ചവൂർ സ്വദേശിനി വിജയലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് ഇന്ന് എത്തുന്നത്.
കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്‌സിമോളുടെയും തമിഴ്നാട് ട്രിച്ചി സ്വദേശിനി ഹെപ്സിബ ദേവമണിയുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മരുഭൂമിയിലെ ചെറുപട്ടണമായ റാനിയയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിന് തുടർന്ന് ഈ ഉത്തരവാദിത്തം ജിദ്ദ നവോദയ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിൻറ്റ് കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവരുടെ പേരിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വക്കാലത്ത് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഒപ്പിട്ടു നൽകിയിരുന്നു.
അപകടത്തിൽ മരണപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അവിടെനിന്ന് എംബാമിംഗ് പൂർത്തിയാക്കാനായി കഴിഞ്ഞ ബുധനാഴ്ചയാണ് ജിദ്ദയിൽ എത്തിച്ചത്.
സൗദിയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തിവച്ചിരുന്നതിനാലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകിയത്..
നാലുപേരുടെയും അടുത്ത ബന്ധുക്കൾക്ക് എത്രയും വേഗം ഈ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാനുള്ള മനക്കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..



















