കൊവിഡില്‍ വിറച്ച് ഇന്ത്യ; ഒറ്റ ദിവസം 10000 -ലേറെ രോഗികള്‍; 297 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമാകുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്കും ഉയരുന്നുണ്ട്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.


തമി‍ഴ്‍നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 1458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30152 ആയി. 24 മണിക്കൂറിനിടെ 19 പേരാണ് മരിച്ചത്. മരിച്ച 19 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ തമിഴ്‍നാട്ടിലെ ആകെ മരണം 251 ആയി. ചെന്നൈയിലാണ് രോഗബാധ ഏറ്റവും രൂക്ഷം. ആകെ 20993 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം ബാധിച്ചത്.
രാജ്യത്ത് ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം 10000-ലേറെ പേര്‍ക്ക് രോഗം കണ്ടെത്തുന്നത്. ഇതോട രാജ്യത്തെ രോഗബാധിതരുടെ എണ്ണം 246549 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 297 മരണമാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്‍തത്.


ഇതോടെ ആകെ മരണസംഖ്യ 6939 ആയി ഉയര്‍ന്നു. രാജ്യത്ത് മരണ നിരക്ക് 2.8 ശതമാനമാണ്.
ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ സ്‍പെയിനിനെ മറികടന്നു. ലോകത്താകെ 69 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. നാല് ലക്ഷത്തിലേറെ പേര്‍ മരിക്കുകയും ചെയ്‍തു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 19 ലക്ഷത്തിലേറെ പേരാണ് രോഗികളായത്. ബ്രസീല്‍ (6.14 ലക്ഷം), റഷ്യ (4.5 ലക്ഷം), യുകെ (2.9 ലക്ഷം) എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.


രാജ്യത്ത് കൊവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82968 ആയി. ശനിയാഴ്‍ച മാത്രം 120 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥആനത്ത് ആകെ മരണം 1969 ആയി.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം അതിവേഗത്തില്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1320 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 27654 ആയി.


ഡല്‍ഹിയില്‍ ഇതുവരെ 761 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 498 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ രോഗബാധിതുടെ എണ്ണം 19617. 29 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

RELATED STORIES