കേരളത്തിലെ 164 സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്തവയാണീ സഹകരണസംഘങ്ങള്‍. സഹകരണ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതല്‍ വന്‍ തുകയ്ക്ക് വരെ നിക്ഷേപങ്ങള്‍ സ്വീകരിച്ച സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്.


കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപിച്ചിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ ദുരിത കഥ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുന്നത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങള്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചത്. കാലാവധി പൂര്‍ത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത്തരത്തിലുള്ള സംഘങ്ങള്‍ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങള്‍ തലസ്ഥാന ജില്ലയില്‍ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.

പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങള്‍ കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 15 വീതവും ഉണ്ട്. കോട്ടയത്ത് ഇരുപത്തിരണ്ടും തൃശ്ശൂരില്‍ പതിനൊന്നും മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവില്‍ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതല്‍ സംഘങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ യഥാസമയം തിരിച്ചടക്കാത്തത് വരെ പ്രതിസന്ധിക്ക് കാരമാണെന്ന് പറയപ്പെടുന്നു.

RELATED STORIES