പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫ് സംഘമാണ് യുവാക്കളെ പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.


അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ച് അവിടെ നിന്നും വിമാനമാര്‍ഗ്ഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, ദുബായ് എന്നീ വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍ ആണ് ഇവരെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്നും മയക്കുമരുന്ന് ട്രെയിന്‍ മാര്‍ഗ്ഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍. ബി.രാജ് അറിയിച്ചു.

RELATED STORIES