സംസ്ഥാനത്ത് അതി ദരിദ്രരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും അധികം പേരുള്ളത് മലപ്പുറം ജില്ലയിൽ
Reporter: News Desk 11-Aug-20223,494
സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകൾ പറയുന്നു. മലപ്പുറത്തിന് തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയാണ്. കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു ഇതിൻ്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ.
തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ സംസ്ഥാനതല
കണക്കെടുപ്പിലാണ് അതിദാരിദ്ര്യമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തിയത്. സംസ്ഥാനത്താകെ
64,006 പേര്‍, അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരും ഉൾപ്പെടുന്നു. അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ
എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം
അനുഭവിക്കുന്നവർ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി
അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം
എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന
രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാര്‍ഗ്ഗമടക്കം
ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ്
തീരുമാനം. തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ക്ഷേമപദ്ധതി ഉറപ്പാക്കേണ്ട
ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അതി ദരിദ്രര്‍ക്കുള്ള ഫണ്ടും സമൂഹ അടുക്കള
പോലുള്ള സംരംഭങ്ങൾക്ക് സ്പോൺസര്‍മാരെ കണ്ടെത്താനും നിർദേശമുണ്ട്.