ഒട്ടേറെ ക്രിമിനൽ കേസ്സുകളിൽ പ്രതികളായ രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു

ഇതോടെ ഇക്കൊല്ലം ജില്ലയിൽ 11 പേരെ കാപ്പാ പ്രകാരം ജയിലിൽ അടക്കുകയും 7 കുറ്റവാളികളെ ജില്ലക്ക് പുറത്തേക്ക് നാട് കടത്തുകയും ചെയ്തു.തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (25), അടൂർ പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് റഷീദ് ( 23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ അയച്ചത്.


തിരുവല്ല , കീഴ്‌വായ്‌പ്പൂർ, പുളിക്കീഴ്, കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച കഞ്ചാവ് കടത്ത് അടക്കമുള്ള 12 കേസ്സുകളിൽ പ്രതിയാണ് രാഹുൽ മനോജ്. തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്.

അടൂർ, പന്തളം പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, വീടുകയറി ആക്രമണം കഞ്ചാവ് വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇജാസ് റഷീദ് . കഴിഞ്ഞ ഏപ്രിലിൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കഴിഞ്ഞ മാസം പത്തൊൻപതാം തീയതി ഇജാസിൻറെയും, കൂട്ടാളികളുടെയും കഞ്ചാവ് വില്പന തടയാൻ ശ്രമിച്ച പറക്കോട് എക്സൈസ് അസി. ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്കൊപ്പം കൂട്ടുപ്രതികളായിട്ടുള്ള പറക്കോട് സ്വദേശികളായ അജ്‌മൽ, നിർമൽ ജനാർദ്ദനൻ എന്നിവരെ കാപ്പാ നിയമ പ്രകാരം നേരത്തെ തടങ്കലിലാക്കിയിരുന്നു. ഇയാളെ പിടികൂടുവാനായി അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ജില്ലയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ആറ് പേർക്കെതിരെ ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചതായും, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ.സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.

RELATED STORIES