ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പേരാമ്പ്രയില്‍ കൂത്താളി പുതിയേടത്ത് ചന്ദ്രികയാണ് (53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. പേ വിഷബാധക്കെതിരെ വാക്‌സിന്‍ എടുത്തിരുന്നതാണെന്ന് കുടുംബം അറിയിച്ചു. ഒരു മാസം മുന്‍പാണ് ചന്ദ്രികയെ നായ കടിച്ചത്. കഴിഞ്ഞ മാസം 21നാണ് ചന്ദ്രിക അടക്കം നാലു പേരെ തെരുവുനായ കടിച്ചത്. തുടര്‍ന്ന് എല്ലാവരും പേ വിഷബാധക്കെതിരായ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചു. എന്നാല്‍ കുറച്ചുദിവസം മുന്‍പ് പനി ബാധിച്ച് ചികിത്സയില്‍ ആയ ചന്ദ്രികയുടെ മസ്തിഷ്‌കത്തില്‍ അണുബാധ കണ്ടെത്തിയിരുന്നു. പേ വിഷബാധയുടെ ലക്ഷണങ്ങളും കാണിച്ചിരുന്നു.


ഒരാഴ്ച മുന്‍പ് അബോധാവസ്ഥയിലായതോടെ ചന്ദ്രികയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരണമടയുകയായിരുന്നു. പേ വിഷബാധയാണോ എന്നറിയാന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് സാംപിള്‍ അയച്ചത്. മൃതദേഹം ഇന്നലെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി. വിശദമായ പരിശോധനാ ഫലം അറിഞ്ഞാലേ പേ വിഷ ബാധയാണോ മരണകാരണമെന്ന് വ്യക്തമാകൂവെന്ന് ഡിഎംഒ അറിയിച്ചു. പേ വിഷബാധയാണെങ്കില്‍ അടുത്തകാലത്ത് വാക്‌സിന്‍ എടുത്തിട്ടും സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.

RELATED STORIES