എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നിൽ പൊട്ടിക്കരയുന്ന അക്ഷയയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


വളരെ കാലമായി നഗരത്തിലെ കോളജ് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു കൊണ്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വിപണന റാക്കറ്റിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രവണതയ്ക്കാണ് പൊലീസ് തൊടുപുഴയിൽ തടയിട്ടിരിക്കുന്നത്. വാഹന പരിശോധനയിൽ നിന്നും അധികാരികളിൽ നിന്നും സ്ത്രീകളെ മറയാക്കിക്കൊണ്ടുള്ള പ്രവൃത്തിയാണ് പൊലീസ് പൊളിച്ചത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് യുവതിയും യുവാവും പിടിയിലായത്. വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിക്കുന്ന സംഘമാണിത്. ഇവർക്ക് എവിടെ നിന്നാണ് ഇത്രയും അളവിൽ മയക്കുമരുന്ന് കിട്ടിയതെന്ന് അന്വേഷിക്കുകയാണ് സംഘം. ബംഗളൂരു കേന്ദ്രമാക്കിയാണ് അന്വേഷണം മുന്നോട്ട് പോവുക. കുറച്ച് കാലമായി ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പൊതുജനങ്ങളിൽ നിന്നും വളരെ നല്ല സഹകരണമാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു.

RELATED STORIES