ഇല്ലാത്ത കെഎസ്ആർടിസി ബസിന്റെ വ്യാജബിൽ നൽകി ടോൾ പിരിവു തട്ടിപ്പ് നടത്തിയതായി ആക്ഷേപം

പാലിയേക്കര: ടോൾ പ്ലാസ കമ്പനിക്ക് നൽകാനുള്ള 102 കോടിരൂപ തടഞ്ഞുവച്ച ഗതാഗതവകുപ്പ് ഇൗ തട്ടിപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. കമ്പനിയെ വിലക്കുപട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിയെ സമീപിക്കാനും നടപടി തുടങ്ങി. കമ്പനിക്കു കൈമാറിയ 3.06 കോടി തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്.


2011
ഡിസംബർ മുതൽ 2021 നവംബർ 30 വരെ പാലിയേക്കര ടോൾ ഗേറ്റ് വഴി കടന്നുപോയ ബസുകളുടെ ടോൾ ബില്ലാണ് കെഎസ്ആർടിസി നൽകാനുള്ളത്. ഇതു സംബന്ധിച്ച് കോടതിയിൽ കേസുണ്ട്. വിശദമായ ബിൽ പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി നൽകിയില്ലെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു. ജൂലൈ 16ന് ചീഫ് സെക്രട്ടറിയും പിഡബ്ല്യുഡി, ഗതാഗത സെക്രട്ടറിമാരും ഉൾപ്പെടുന്ന ഉന്നതതലയോഗം ചേർന്നു.

102
കോടി നൽകാനാകില്ലെന്നും ബിൽ സംബന്ധിച്ചു പരാതിയുമുള്ളതിനാൽ പരമാവധി 33 കോടിയേ നൽകാനാകൂവെന്നും യോഗത്തിൽ കെഎസ്ആർടിസി വ്യക്തമാക്കി. എന്നാൽ ബാക്കി തുകയും ആവശ്യപ്പെട്ട കമ്പനി 10 വർഷത്തെ ബില്ലുകൾ കൈമാറി. ഇൗ ബില്ലുകൾ പരിശോധിക്കാൻ 2 ആഴ്ച ചീഫ് സെക്രട്ടറി കെഎസ്ആർടിസിക്ക് അനുവദിച്ചു. 2014 ജൂൺ മുതൽ 2022 ജൂൺ വരെയുളള ബില്ലുകൾ പരിശോധിച്ചപ്പോഴാണ് വ്യാജബില്ലുകൾ കണ്ടെത്തിയത്. അതിനാൽ 102 കോടിയും തടഞ്ഞുവച്ചു. 6908 ബസുകളുടെ ട്രിപ്പുകളിൽ വ്യാജബില്ലുകളുണ്ടെന്നു വിദഗ്ധസംഘം കണ്ടെത്തി.

ടോൾ ഗേറ്റ് വഴി പരമാവധി 2 തവണ ദിവസവും കടന്നുപോകാറുളള സൂപ്പർ ഡീലക്സ് ദീർഘദൂര ബസുകൾ 6 തവണ കടന്നുപോയതായി ബില്ലുകളുണ്ട്. കെഎൽ 15,10837 എന്നിങ്ങനെ 5 അക്ക നമ്പരുള്ള 6 ബസുകൾ 70 തവണ ടോൾ ഗേറ്റ് കടന്നുപോയെന്നും ബില്ലുകളുണ്ട്.

അഞ്ചക്ക നമ്പർ ഇതുവരെ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. ഇതൊക്കെ വ്യാജ റജിസ്ട്രേഷൻ നമ്പരുകളാണെന്നും അന്വേഷണം വേണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെടുന്നു. 2005 ന് മുൻപ് ആക്രി ലേലം നടത്തി പൊളിച്ച ചില ബസുകൾ 2020ൽ ടോൾ ഗേറ്റ് വഴി കടന്നുപോയതിന്റെ ബില്ലുകളുമുണ്ട്. പൊളിച്ച ബസുകളുടെ പേരിൽ 1.55 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടുപിടിച്ചു. കെഎൽ 15 7821 എന്ന , ഈവർഷം റജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ബസ് രണ്ടുവർഷം മുൻപ് ടോൾ ഗേറ്റ് കടന്നുപോയതായാണ് വ്യാജബിൽ.

പാലിയേക്കര ടോളിന്റെ 10 കി.മീ ചുറ്റളവിനു താഴെയുള്ള ഡിപ്പോകളിൽ നിന്നുള്ള വാഹനങ്ങൾക്ക് പകുതി ചാർജ് എന്ന നിയമമുള്ളപ്പോൾ ഇൗ ബസുകൾക്ക് ഇരട്ടി ചാർജ് ഈടാക്കിയെന്നും കെഎസ്ആർടിസി കണ്ടെത്തി.

RELATED STORIES