ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പുലിയെ തല്ലിക്കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി അക്രമിച്ചത്. തുടര്‍ന്ന് മറ്റു നാട്ടുകാരെയും പുലി അക്രമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് പുലിയെ തല്ലിക്കൊന്നത്.


ഗോപാലന് രണ്ട് കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. നിരവധി തവണ പുലിയുടെ ശല്യം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളില്‍ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

വെള്ളിയാഴ്ച രാത്രി രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാങ്കുളത്ത് രാത്രി ഇറങ്ങുന്ന പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. പുലിയെ പിടിക്കനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES