മൗലാന മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു, താനും കൂടി മരിച്ചിരുന്നെങ്കിലെന്ന് പ്രതികരണം

ഇന്ത്യൻ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ടതില്‍ സ്ഥിരീകരണം.

മസൂദ് അസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അസറിന്റെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോർട്ടുകള്‍.തന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ മസൂദ് അസർ സ്ഥിരീകരിച്ചിരിക്കുന്നത്. കുടംബത്തോടൊപ്പം ഉണ്ടായിരുന്ന നാല് സഹായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ബിബിസി ഉർദു ആണ് അസറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ കൂടി കൊല്ലപ്പെട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്നും അസർ പ്രതികരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.

മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസറിന്റെ അടുത്ത സഹായിയും ഇയാളുടെ മാതാവും മറ്റ് രണ്ട് സഹായികളും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അസറിന്റെ സഹോദരന്റെ മകനും കൊടും തീവ്രവാദിയും ആയ റൗഫ് അസ്ഗറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവല്‍പുരില്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഇവർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ബഹാവല്‍പുർ. ഇവിടത്തെ സുബ്ഹാൻ അള്ള കോംപ്ലക്‌സിന് നേർക്ക് നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂരിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങളില്‍ ഒന്നാണ്.

മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ മരണത്തില്‍ വിലാപ യാത്ര നടത്തുമെന്നും വാർത്തകളുണ്ട്. ഇന്ന് വൈകീട്ട് നാല് മണിക്ക് ആയിരിക്കും വിലാപയാത്ര എന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. വലിയ ക്രൂരതയാണ് ഇത്, എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു, ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടതില്ലെന്നും മസൂദ് അസർ പ്രസ്താവനയില്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചിട്ടും ഉണ്ട്.

RELATED STORIES