ജാമ്യം ലഭിച്ച ശേഷവും പുറത്തിറങ്ങാന്‍ കഴിയാതെ സംസ്ഥാനത്തെ ജയിലുകളില്‍ തുടരുന്നത് അഞ്ഞൂറില്‍പരം തടവുകാര്‍
Reporter: News Desk 09-Feb-20232,760

ജാമ്യത്തുക നല്‍കാനില്ലാത്തവരാണ് ഏറെയും. ജാമ്യം ലഭിച്ച വിവരം അറിയാതെ ജയിലില്‍ തുടരുന്നവരുമുണ്ട്. ഇതര സംസ്ഥാനക്കാരും ധാരാളം.
ഇവരെ കൊണ്ടുപോകാന്‍ നാട്ടില്‍ നിന്നു ആരും വരുന്നുമില്ല. ''ഓപ്പറേഷന്‍ ആഗി''ല്‍ പിടികൂടിയ 2507 ഗുണ്ടകള്‍ കൂടി വന്നതോടെ ജയിലുകള്‍ നിറഞ്ഞ സ്ഥിതിയാണ്. ജാമ്യത്തുക അടയ്ക്കാനില്ലാത്തതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വരുന്നവര്‍ക്കു സാമ്പത്തികസഹായം നല്‍കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും തീരുമാനമായില്ല. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നാണു ജയില്‍ വകുപ്പിന്റെ ശിപാര്‍ശ.
14 വര്‍ഷം കഴിഞ്ഞ തടവുകാരെ ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശപ്രകാരം സര്‍ക്കാരിനു മോചിപ്പിക്കാം. ഇങ്ങനെ വിടുതല്‍ കിട്ടിയവരില്‍ പലരും ജാമ്യക്കാരില്ലാതെ ജയിലില്‍ കഴിയുകയാണ്. പലര്‍ക്കും ജാമ്യം നില്‍ക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ല. വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ജാമ്യക്കാരന്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നതാണു കാരണം.
ജാമ്യഉത്തരവ് കോടതിയില്‍ നിന്നു യഥാസമയം ജയിലധികൃതര്‍ക്കു ലഭിക്കാത്തതും പലപ്പോഴും മോചനം വൈകാന്‍ കാരണമാകുന്നുണ്ട്. ഈ വിഷയത്തിലെ അടിയന്തര സാഹചര്യം പോലീസ് മേധാവി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
ജാമ്യ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ തുടരുന്ന വിചാരണത്തടവുകാരുടെ വിഷയത്തില്‍ സുപ്രീംകോടതി കഴിഞ്ഞാഴ്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജാമ്യം അനുവദിക്കുന്ന കോടതി, അതേ ദിവസമോ അടുത്ത ദിവസമോ ജയില്‍ സൂപ്രണ്ട് മുഖേന തടവുകാരന് ഇമെയില്‍ വഴി ജാമ്യ ഉത്തരവിന്റെ കോപ്പി അയയ്ക്കണം. ജയില്‍ സൂപ്രണ്ട് ഇ പ്രിസണ്‍സ് സോഫ്റ്റ്‌വെയറില്‍ അല്ലെങ്കില്‍ ജയില്‍ വകുപ്പ് ഉപയോഗിക്കുന്ന മറ്റേതെങ്കിലും സോഫ്റ്റ്‌വെയറില്‍ ജാമ്യം അനുവദിക്കുന്ന തീയതി രേഖപ്പെടുത്തണം.
അതുവഴി ജാമ്യം അനുവദിക്കുന്ന തിയതിയും റിലീസ് തിയതിയും ജയില്‍ വകുപ്പു രേഖപ്പെടുത്തുകയും ഏഴു ദിവസത്തിനകം തടവുകാരനെ വിട്ടയച്ചില്ലെങ്കില്‍, ഒരു ഓട്ടോമാറ്റിക് ഇ മെയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്ക് അയക്കും. പ്രതിയുടെ സാമ്പത്തിക സ്ഥിതി അതോറിറ്റി കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.