മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം
Reporter: News Desk 28-Aug-202559

പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയ വിപ്ലവകാരി, സ്വന്തം സമുദായാംഗങ്ങളുടെ സാമ്പത്തികോന്നമനത്തിനായി നിരന്തരം സമരം നയിച്ച വ്യക്തി, ശ്രീമൂലം പ്രജാസഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായി. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പുരോഗതിക്കായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമത്രയും. ആ പോരാട്ടങ്ങള്‍ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ഘടനയെ മെച്ചപ്പെടുത്തുന്ന നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്തവുമായ പരിശ്രമങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായി.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയില്‍ 1863 ഓഗസ്റ്റ് 28ന് അവിട്ടം നക്ഷത്രത്തില്‍ ആണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍കാളി ജനിച്ചത്. പിതാവ്: അയ്യന്‍, മാതാവ്: മാല.
പിന്നാക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ ഒറ്റയാള്‍പ്പോരാട്ടമായ വില്ലുവണ്ടി സമരം കേരളത്തിന്റെ എക്കാലത്തെയും രാഷ്‌ട്രീയ ചരിത്രത്തില്‍ ധീരോദാത്തമായ സംഭവമായി സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. സമൂഹം ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും അനാചാരങ്ങളെ എതിര്‍ക്കുകയും വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുകയും വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്കാലത്ത്
പുലയ-പറയ സമൂഹം എല്ലാതരത്തിലും സാമൂഹ്യമായി ബഹിഷ്‌കൃതരായിരുന്നു. ഈ അധഃകൃത വിഭാഗങ്ങളുടെ ചുറ്റുപാടുകള്‍ മാറ്റുന്നതിനായി പുലയ സമുദായത്തില്‍ നിന്ന് ആദ്യമായി സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനമാരംഭിച്ചത് അയ്യന്‍കാളിയാണ്.
ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍ കാളിയുടേത്. സ്വസമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ പോരിനിറങ്ങിയ അദ്ദേഹം തുടക്കത്തില്‍ ഏകനായിരുന്നു. പിന്നീട് അനുയായികളെ സംഘടിപ്പിച്ച് ആയോധന പരിശീലനം നല്‍കി സമരസജ്ജരാക്കി.
തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-. അധ:സ്ഥിത വിഭാഗല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നത്.
1886-ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അത് അനുവദിച്ചില്ല. അയ്യന്‍കാളിക്ക് ഏറ്റവും എതിര്‍പ്പുണ്ടായിരുന്ന സാമൂഹിക അസമത്വമായിരുന്നു സഞ്ചാര സ്വാതന്ത്ര്യ നിഷേധം. പ്രമാണിമാരുടെ വില്ലുവണ്ടിയാത്രയെ അതേ നാണയത്തില്‍ അദ്ദേഹം നേരിട്ടു. സ്വന്തമായി കാളവണ്ടി വാങ്ങി, മുണ്ടും മേല്‍മുണ്ടും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ അദ്ദേഹം വില്ലുവണ്ടിയില്‍ യാത്ര നടത്തി. ആവേശഭരിതരായ അനുയായികള്‍ അകമ്പടി സേവിച്ചു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ അനിഷേധ്യനേതാവും ആരാധ്യ പുരുഷനുമായി അദ്ദേഹം മാറി.
കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി തന്റെ ജാതിയിലുള്ള സ്ത്രീകളോട് മുലക്കച്ചയണിയുവാനും അടിമത്തത്തിന്റെ അടയാളമായ കല്ലുമാല ത്യജിക്കാനും ആഹ്വാനം ചെയ്തു. കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിച്ച പിന്നാക്ക വനിതകള്‍ ആവേശത്തോടെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. ഇതാണ് കല്ലുമാല സമരം എന്ന് അറിയപ്പെടുന്നത്.
അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു.
1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.
1911 ഡിസംബര്‍ 5 ന് മഹാത്മാ അയ്യന്‍കാളിയെ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭാംഗം ആയി നാമനിര്‍ദേശം ചെയ്തു.തന്റെ സമുദായത്തിന്റെ ശബ്ദം നിയമനിര്‍മ്മാണ സഭയില്‍ ഉയര്‍ത്താനും ഒട്ടേറെ അവകാശങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നു നേടിയെടുക്കാനും ശ്രീമൂലം പ്രജാസഭാംഗം എന്ന നിലയില്‍ അയ്യങ്കാളിക്കായി. പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇന്നു ചരിത്രരേഖയാണ്.
1941 ജൂണ്‍ 18ന് 77-ാം വയസ്സില്‍ അയ്യന്‍കാളി മരണടഞ്ഞു. 1980 നവംബറില്‍ കവടിയാറില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടു.