പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ഇന്നത്തെ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു

ഇനി സമ്മേളനം ഈ മാസം 27 നാണ്. തുടക്കം മുതല്‍ പ്രതിപക്ഷ പ്രതിഷേധം സഭ കണ്ടു. പ്രതിഷേധസൂചകമായി എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നടന്നായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയത്.

പ്രതിപക്ഷം സഭയുടെ നടത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടിവിയില്‍ കാണിക്കുകയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിരുന്നില്ല. നികുതി കുറയ്ക്കും വരെ സമരം മുമ്പോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

സഭാനടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചോദ്യോത്തരവേള നിര്‍ത്തിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും പറഞ്ഞു. അരമണിക്കൂര്‍ ചോദ്യോത്തര വേള നടന്നെങ്കിലും ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സബ്മിഷന്‍ മേശപ്പുറത്ത് വെയ്ക്കാന്‍ സ്പീക്കര്‍ പറഞ്ഞു.

നിയമസഭയ്ക്ക് മുന്നില്‍ നാലു എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹവും അവസാനിപ്പിച്ചു. ഷാഫി പറമ്പില്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹം നടത്തിയത്. സഭയ്ക്ക് പുറത്തും സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധ സമരങ്ങളാണ് പ്രതിപക്ഷം ആലോചിക്കന്നത്. സെക്രട്ടേറിയേറ്റിന് ചുറ്റും രാപ്പകല്‍ സമരം അടക്കം വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രിയുടെ സുരക്ഷയും കൂട്ടിയിട്ടുണ്ട്.

RELATED STORIES