പത്തനംതിട്ടയിൽ കൂട്ട അവധി എടുത്ത് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസ യാത്രയ്ക്ക് പോയ ബസ് ക്വാറി ഉടമയുടേതാണെന്ന് കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ

ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി ഉടമയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇടപെടാൻ ആരാണ് എം.എൽ.എയ്ക്ക് അധികാരം നൽകിയതെന്ന് ചോദിച്ച എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എം.എൽ.എയുടെ ജോലിയെന്നും പറഞ്ഞു. രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാൻ അധികാരമുണ്ട്. എ.ഡി.എമ്മിന്‍റെ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. തെറ്റുകൾ കണ്ടെത്തുന്നതിന് പകരം എ.ഡി.എം പരിശോധിച്ചത് എം.എൽ.എയുടെ അധികാരമാണെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള 60 ജീവനക്കാരിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 35 പേർ ഇന്നലെ ജോലിക്ക് ഹാജരായില്ല. ഇതുസംബന്ധിച്ച പരാതിയെ തുടർന്നാണ് സ്ഥലം എം.എൽ.എ കെ.യു ജനീഷ് കുമാർ ഓഫീസിലെത്തി ഹാജർ രജിസ്റ്റർ പരിശോധിച്ചത്. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസിൽദാർ പങ്കെടുക്കുന്ന യോഗം നടത്താൻ മന്ത്രി നിർദ്ദേശിച്ച തീയതി കൂടിയായിരുന്നു ഇന്നലെ. എന്നാൽ ഔദ്യോഗിക ആവശ്യം ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തഹസിൽദാർ എം.എൽ.എയെ അറിയിച്ചിരുന്നു.

RELATED STORIES