പൊതുജനങ്ങള്‍ക്ക് സിപിആര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന് ഗവര്‍ണര്‍; ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സിപിആര്‍ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

കൊച്ചി: ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ നിരവധി അമൂല്യ ജീവനുകള്‍ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാനുള്ള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ' സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം' പദ്ധതി സെന്റ് തെരേസാസ് കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വാലന്റൈന്‍സ് ദിനത്തില്‍ തന്നെ ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. പൊതുജനാരോഗ്യ രംഗത്ത് ഫൗണ്ടേഷന്‍ നടത്തുന്ന സേവനങ്ങള്‍ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഹൃദയാഘാതമുണ്ടാകുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ ശാസ്ത്രീയമായി സിപിആര്‍ നല്‍കുന്നതിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത 18 മുതല്‍ 70 ശതമാനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിലെയും രാജ്യത്തെയും മുഴുവന്‍ ജനങ്ങളെയും സിപിആര്‍ നല്‍കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 1000 പേര്‍ക്കാണ് സിപിആര്‍ പരിശീലനം നല്‍കുക.  


ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം പദ്ധതി വിശദാംശങ്ങള്‍ വിവരിച്ചു. ബിപിസിഎല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അജിത്കുമാര്‍ കെ, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഡോ. ജോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 


RELATED STORIES