സ്വര്‍ണക്കടത്ത്‌, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല

അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്‌താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ പറഞ്ഞു.

പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്‌ഥലത്തുനിന്നാണു താന്‍ സംസാരിക്കുന്നതെന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്‌. 2019 ഓഗസ്‌റ്റിലാണ്‌ അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്‌. പിന്നീട്‌ പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ്‌ 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം.
എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിനുമുന്‍പുതന്നെ കണ്ണൂരിലേക്കു കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം ഒരുമിച്ചു താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്‌.

പ്രണയത്തിലാകുന്ന സമയത്ത്‌ അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണു വിശ്വസിച്ചത്‌. അയാള്‍ക്ക്‌ ഹെഡ്‌സെറ്റ്‌ പോലും വാങ്ങിനല്‍കിയതു താനാണ്‌. പല തവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്‌. കാശിനു വേണ്ടിയാണു സ്‌നേഹം കാണിക്കുന്നതെന്ന്‌ അര്‍ജുന്റെ സുഹൃത്ത്‌ പറഞ്ഞിട്ടുപോലും വിശ്വസിച്ചിട്ടില്ല.

എന്നാല്‍ താന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ്‌ ഇപ്പോള്‍ ഫെയ്‌സ്‌ബുക്കില്‍ പ്രചരിപ്പിക്കുന്നതെന്നും അമല പറഞ്ഞു.

സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്‍ജുന്‍ ആയങ്കി പറഞ്ഞിട്ടുണ്ട്‌. സ്വര്‍ണക്കടത്തു കേസില്‍ കസ്‌റ്റംസ്‌ ചോദ്യംചെയ്ാന്‍ വയിളിപ്പിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല. അര്‍ജുന്‍ ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയതു താനാണെന്നും അമല വെളിപ്പെടുത്തി.

അര്‍ജുന്‍ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണു ജീവിതം തകര്‍ന്നതെന്നാണു അമലയുടെ ആരോപണം. ഒരിക്കല്‍ അര്‍ജുനൊപ്പം സിനിമ കാണാന്‍ പോയി. എന്നാല്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയതിനുശേഷം അര്‍ജുന്‍ വീണ്ടും പുറത്തുപോയി. രാത്രി എട്ടിനു പോയിട്ടു പിറ്റേദിവസം ഒന്‍പതിനാണു വന്നത്‌. കൈയില്‍ ബിയറൊക്കെ ഉണ്ടായിരുന്നു. അതു ഞാന്‍ ഫ്രിഡ്‌ജില്‍വച്ചു. കഴുത്തില്‍ ഉമ്മവച്ചതുപോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട ഇടപാടിനു പോയതാണെന്നു പറഞ്ഞുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്‌.

കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഫെയ്‌സ്‌ബുക്കില്‍ ഒരു കുറിപ്പ്‌ പങ്കുവച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്‌ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌.

RELATED STORIES