സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

പത്തനംതിട്ട പന്തളം പൂഴിക്കാട് ഒപ്പം കഴിഞ്ഞിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബംഗളൂരുവില്‍ നിന്നും പന്തളം പോലിസ് അറസ്റ്റ് ചെയ്‍തത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂഴിക്കാട് വാടക വീട്ടില്‍ വച്ച് ഷൈജു കൂടെ താമസിച്ചിരുന്ന സജിതയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ആദ്യം എറണാകുളത്തും പിന്നീട് ബംഗളൂരുവിലുമാണ് ഷൈജു ഒളിവില്‍ താമസിച്ചത്.

ഇയാള്‍ ബംഗളൂരിവിലുണ്ടെന്ന് സൂചന ലഭിച്ച പോലീസ് സംഘം അവിടെയെത്തി വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. മജിസ്റ്റിക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. പന്തളത്തെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ഷൈജുവിന് മറ്റ് ചില സ്ത്രീകളുമായുണ്ടായ ബന്ധം സജിത ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ഇതില്‍ പ്രകോപിതനായാണ് ഷൈജു കമ്പി വടി കൊണ്ട് സജിതയുടെ തലക്കടിച്ചത്. മരിച്ചുവെന്നുറപ്പായതോടെയാണ് ഷൈജു മുങ്ങിയത്. നാല് വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ കൊല്ലപ്പെട്ട സജിതയെ പരിചയപ്പെട്ടത്.

RELATED STORIES